മസ്‍കത്ത്: സുപ്രീംകമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച വിദേശി തയ്യൽക്കാര്‍ അറസ്റ്റിലായി. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലിയില്‍ നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി ജോലി ചെയ്ത സംഘത്തെ പിടികൂടിയത്. 

ഒരു വീട്ടിൽ പ്രവാസി തയ്യൽക്കാർ ജോലി ചെയ്യുന്നതായി ജാലൻ ബാനി ബു അലി നഗരസഭയുടെ പരിശോധക സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് അനുമതി വാങ്ങിയ ശേഷം റോയൽ ഒമാൻ പോലീസ് റെയ്‌ഡ്‌ നടത്തി. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാണ് ഒമാന്‍ സുപ്രീംകമ്മിറ്റിയുടെ ഉത്തരവ്. നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.