അബുദാബി: യുഎഇയിലെ താമസ വിസയുള്ളവര്‍ക്ക് പ്രത്യേക മുന്‍കൂര്‍ അനുമതിയില്ലാതെ മടങ്ങിവരാമെന്ന അറിയിപ്പ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ആറ് മാസത്തോളമായി നാട്ടില്‍ കുടുങ്ങിയ പലര്‍ക്കും തങ്ങള്‍ക്ക് ഇപ്പോള്‍ മടങ്ങാനാവുമോ എന്ന കാര്യത്തില്‍ സംശയവുമുണ്ട്.

പ്രവാസികള്‍ക്ക് തങ്ങളുടെ വിസയുടെ സാധുത സ്വയം പരിശോധിക്കാനായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.   https://uaeentry.ica.gov.ae എന്ന വെബ്സൈറ്റ് വഴിയാണിതിന് സൗകര്യമുള്ളത്. പാസ്‍പോര്‍ട്ട് നമ്പര്‍, എമിറേറ്റ്സ് ഐ.ഡി നമ്പര്‍, പൗരത്വം, പാസ്‍പോര്‍ട്ടിന്റെ വിഭാഗം എന്നീ വിവരങ്ങളാണ് സൈറ്റില്‍ നല്‍കേണ്ടത്. 

രാജ്യത്ത് പ്രവേശിക്കാന്‍ യോഗ്യരാണെങ്കില്‍ അക്കാര്യം ഉടന്‍ തന്നെ സ്‍ക്രീനില്‍ ദൃശ്യമാവും. യാത്രാ സംവിധാനങ്ങള്‍ തയ്യാറാക്കുന്നതുമായുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നുള്ള അറിയിപ്പും സൈറ്റില്‍ നിന്ന് ലഭിക്കും. ഇത്തരം സന്ദേശം ലഭിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാം. എല്ലാ യാത്രക്കാര്‍ക്കും യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും കാര്യമായ ശാരീരിക വൈകല്യമുള്ളവര്‍ക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്.