തിരുവനന്തപുരം: എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് മടങ്ങിവരാനാവില്ലെന്ന് ആരും കരുതരുതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

'നാട്ടിലുള്ളവര്‍ക്ക് അവകാശപ്പെട്ടതാണ് ഈ നാട്. അവര്‍ ഇപ്പോള്‍ ഒരു സ്ഥലത്ത് ആയിപ്പോയതുകൊണ്ട് അവര്‍ക്ക് ഇങ്ങോട്ട് വരാന്‍ അവകാശമില്ലെന്ന് ആരും കരുതരുത്. ബസില്‍ കയറിയ ശേഷം പിന്നെ ആരും കയറരുതെന്ന പറയന്നുപോലെയല്ല നാടിന്റെ അവസ്ഥ. ജീവിത മാര്‍ഗം തേടി ഈ നാട്ടില്‍ നിന്ന് പുറത്തുപോയവരാണ്. അവര്‍ക്ക് എപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട്. എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിനെല്ലാം ഉള്ള സജ്ജീകരണങ്ങളും ഒരുക്കും. എന്ത് ക്രമീകരണമാണ് ആവശ്യമെങ്കിലും ഇവിടെ അത് ഒരുക്കിയിരിക്കുമെന്നും ഒരു ആശങ്കയും അക്കാര്യത്തില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗം കൊണ്ടല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  മൃതദേഹം എത്തിക്കുന്നതില്‍ കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എംബസികളുടെ അനുമതി ലഭിക്കുന്നില്ലെന്ന് കാണിച്ച് ജിസിസി രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്. അനുമതി നല്‍കണമെങ്കില്‍ ദില്ലിയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് എംബസികളുടെ നിലപാട്.  

കൊവിഡ് അല്ലാതെയാണ് മരിച്ചതെങ്കില്‍ മൃതദേഹം കൊണ്ടുവരുന്നതിന് നേരത്തെ അനുമതിയുണ്ട്. അതിനാൽ, ആഭ്യന്തര മന്ത്രലയത്തിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി, പ്രധാമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും ലഭിക്കുന്നത് ലോക്ക് ഡൌണ്‍ കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്. ഇത് മറ്റുള്ളവര്‍ക്ക് കൂടി ബാധകമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പല രാജ്യങ്ങളിലുള്ള പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാറിനുള്ള ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.