മസ്കറ്റ്: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒമാനിലെ ബാർബർ ഷോപ്പുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവർത്തനം നിലച്ചിട്ട് മൂന്നര മാസം പിന്നിടുന്നു. ഈ മേഖലയിൽ തൊഴിലെടുക്കുന്ന നൂറുകണക്കിന് പ്രവാസി മലയാളികൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്.

ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതിനാൽ രാജ്യത്തെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടഞ്ഞു കിടക്കണമെന്നാണ് ഒമാൻ റീജിണൽ  മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തൊഴിൽ ചെയ്യാനാകാതെ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളടക്കം നിരവധി പ്രവാസികളാണ് ഒമാനിലുള്ളത്. 

'കഴിഞ്ഞ നാല് മാസമായി ഞങ്ങളുടെ സ്ഥാപനം അടഞ്ഞു കിടക്കുകയാണ്. ഞങ്ങൾ താമസിക്കുന്ന മുറിയുടെ വാടകയോ കടമുറിയുടെ വാടകയോ കൊടുക്കുവാൻ സാധിച്ചിട്ടില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികൾ ഒമാനിലുണ്ട്. കുറെ പേർ ഒമാനിൽ തന്നെ പിടിച്ചു നിൽക്കുന്നു. എന്നാൽ കുറേയാൾക്കർ നാട്ടിലേക്ക്  മടങ്ങി പോയിക്കഴിഞ്ഞു. ബാക്കിയുള്ളവർ കടകൾ ഉടൻ തുറക്കുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്'- ഈ മേഖലയില്‍ പ്രവർത്തിക്കുന്ന  ബൈജു കൃഷ്ണൻ പറഞ്ഞു.

ബാർബർ ഷോപ്പുകളിൽ നിന്നും കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ടാണ് ഈ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ നഗരസഭ അനുവാദം നൽകാത്തത്. ഒമാനിൽ ആയിരത്തോളം പ്രവാസി മലയാളികൾ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നുവെന്നാണ്  കണക്കാക്കപ്പെടുന്നത്. കൊവിഡ് പ്രതിസന്ധി നീണ്ടു പോകുമ്പോള്‍ ആശങ്കയിലാണ് ഈ രംഗത്തുള്ളവർ.

കുവൈത്തില്‍ 813 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരായവരുടെ എണ്ണത്തിലും വര്‍ധന