Asianet News MalayalamAsianet News Malayalam

ഒമാന് പുറത്ത് ആറുമാസം കഴിഞ്ഞ വിദേശികള്‍ക്ക് പുതിയ വിസ നിര്‍ബന്ധമെന്ന് അധികൃതര്‍

വ്യോമഗതാഗതം സാധാരണ നിലയിലായതോടെ സുപ്രീം കമ്മറ്റി തീരുമാനം അനുസരിച്ച് മുമ്പ് നല്‍കിയ ഇളവുകള്‍ നിര്‍ത്തലാക്കുകയായിരുന്നു.

Expatriates outside Oman for more than 180 days need new visa
Author
Muscat, First Published Jan 14, 2021, 11:26 AM IST

മസ്‌കറ്റ്: ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍ വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ വിദേശികളുടെ വിസാ സംബന്ധിച്ച കാര്യങ്ങളില്‍ ഒമാന്‍ നിരവധി ഇളവുകള്‍ നല്‍കിയിരുന്നു. നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവര്‍ക്ക് വിദേശത്ത് നിന്ന് വിസ പുതുക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വ്യോമഗതാഗതം പുനരാരംഭിച്ചതോടെ ഈ ഇളവുകള്‍ നീക്കി. 

180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞവര്‍ക്ക് പ്രവേശനാനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടി റോയല്‍ ഒമാന്‍ പൊലീസ് സിവില്‍ ഏവിയേഷന് സര്‍ക്കുലര്‍ നല്‍കിയിരുന്നു. വ്യോമഗതാഗതം സാധാരണ നിലയിലായതോടെ സുപ്രീം കമ്മറ്റി തീരുമാനം അനുസരിച്ച് മുമ്പ് നല്‍കിയ ഇളവുകള്‍ നിര്‍ത്തലാക്കുകയായിരുന്നു. വിദേശത്തായിരിക്കെ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് തൊഴിലുടമ പുതിയ തൊഴില്‍ വിസ എടുത്തുനല്‍കിയാല്‍ മാത്രമെ തിരികെ ഒമാനിലെത്താന്‍ സാധിക്കുകയുള്ളെന്ന് റോയല്‍ ഒമാന്‍ പൊലീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു. ആറുമാസം കഴിഞ്ഞവര്‍ക്ക് ബോര്‍ഡിങ് അനുവദിക്കരുതെന്ന് വിമാന കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറുമാസ നിബന്ധന തൊഴില്‍ വിസക്കാര്‍ക്കാണ് ബാധകം. ഫാമിലി വിസക്കാര്‍ക്ക് ഇത് നിര്‍ബന്ധമില്ല.

ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങരുത്. ഇങ്ങനെ വരുന്നപക്ഷം വിസ റദ്ദാകും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ അവസാനം മുതലാണ് ഈ നിയമത്തിൽ താൽക്കാലിക ഇളവ് നൽകിയത്. ഇളവ് പ്രകാരം സ്പോൺസറുടെ സമ്മതപത്രം ഉണ്ടെങ്കിൽ ഇക്കാലയളവ് കഴിഞ്ഞവർക്കും ഒമാനിലേക്ക് തിരികെയെത്താൻ സാധിച്ചിരുന്നു.


 

Follow Us:
Download App:
  • android
  • ios