72 മണിക്കൂർ സമയപരിധിയിലുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്തിയാല്‍ വീണ്ടും പണം കൊടുത്ത് പരിശോധന നടത്തേണ്ടിവരുന്ന സാഹചര്യത്തെയാണ് പ്രവാസികള്‍ ചോദ്യം ചെയ്യുന്നത്.

ദുബൈ: നാട്ടിലേക്കു പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. നാട്ടിലെ വിമാനത്താവളത്തില്‍ പണമടച്ചുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് പ്രവാസികളുടെ ആവശ്യം.

ഭാര്യയും ഭര്‍ത്താവും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ പിസിആര്‍ പരിശോധനയ്ക്ക് മാത്രം വേണ്ടിവരുന്നത് 25,000 രൂപയാണ്. 72 മണിക്കൂർ സമയപരിധിയിലുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്തിയാല്‍ വീണ്ടും പണം കൊടുത്ത് പരിശോധന നടത്തേണ്ടിവരുന്ന സാഹചര്യത്തെയാണ് പ്രവാസികള്‍ ചോദ്യം ചെയ്യുന്നത്.

ഡല്‍ഹിയടക്കമുള്ള വിമാനതാവളങ്ങളില്‍ കൊവിഡ് പരിശോധനയ്ക്ക് 900 രൂപ ഈടാക്കുമ്പോള്‍ കണ്ണൂരിലും കൊച്ചിയിലും നിരക്ക് 1700 രൂപയാണ്. കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ ഇടപെട്ട് ഈ പരിശോധന സൗജന്യമാക്കണമെന്നതാണ് പ്രധാന ആവശ്യം.
സൗദി, കുവൈത്ത് യാത്രാമധ്യേ യു.എ.ഇയിൽ കുടുങ്ങിയവരാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നവരിൽ ഏറെയും. വിവിധ സംഘടനകളുടെ സഹായത്തോടെ ടിക്കറ്റ് തരപ്പെടുത്തിയവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം തിരിച്ചടിയാകും.