കുവൈത്ത് സിറ്റി: ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികള്‍ പരിശോധനയ്ക്ക് വിധേയമായി കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകാത്ത പ്രവാസികളെ നാടുകടത്തുമെന്നും അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികളുടെ പട്ടിക തയ്യാറാക്കും. സെക്യൂരിറ്റി ഡേറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇത്.  നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ഇവര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനകള്‍ക്ക് വിധേയമാകണം. ഇതില്‍ വീഴ്ച വരുത്തുന്നവരെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് നാടുകടത്തുകയും ചെയ്യും. 

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1884 വിമാനങ്ങളിലായി 2,35,000 പേര്‍ ഫെബ്രുവരി 27ന് ശേഷം രാജ്യത്ത് പ്രവേശിച്ചിട്ടുണ്ട്. ഇതില്‍ ഒന്നര ലക്ഷത്തോളം പേര്‍ പ്രവാസികളാണെന്നാണ് കണക്ക്.