Asianet News MalayalamAsianet News Malayalam

നാലുവര്‍ഷമായി ശമ്പളമില്ല; കറന്‍റും വെള്ളവുമില്ലാത്ത ലേബര്‍ ക്യാമ്പില്‍ അവശനിലയില്‍ പ്രവാസികള്‍, രക്ഷപ്പെട്ടതിങ്ങനെ

നാലുവര്‍ഷമായി ശമ്പളമില്ലാതെ, കറന്‍റും വെള്ളവുമില്ലാത്ത ലേബര്‍ ക്യാമ്പില്‍ അവശനിലയില്‍ കഴിഞ്ഞ തൊഴിലാളികള്‍ക്ക് തുണയായി ഇന്ത്യന്‍ എംബസിയും സൗദി ലേബര്‍ കോടതിയും. 

expats in labour camp without salary electricity and water rescued
Author
Riyadh Saudi Arabia, First Published Dec 3, 2019, 8:45 PM IST

റിയാദ്:  ശമ്പളം കിട്ടാതായിട്ട് നാലു വർഷമായി. ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനി രണ്ടുവർഷം മുമ്പ് പൂട്ടി. കറൻറും വെള്ളവുമില്ലാത്ത ലേബർ ക്യാമ്പിൽ ദുരിതങ്ങളോടും പട്ടിണിയോടും പടവെട്ടി അതിജീവനം. അതിനിടയിലും ആരോഗ്യത്തെ അലട്ടി പ്രായാധിക്യവും രോഗവും. മലയാളികളുൾപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് ഒടുവിൽ തുണയായത് സൗദി ലേബർ കോടതിയും ഇന്ത്യൻ എംബസിയും ഒരു പറ്റം മനുഷ്യസ്നേഹികളും. 14 ഇന്ത്യക്കാരാണ് കോടതിയുടെ ഇടപെടലിൽ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നേടി കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. 

അസീസിയയിലെ ഒരു ഗ്ലാസ് കമ്പനിയിൽ ജീവനക്കാരായി 120 ഇന്ത്യാക്കാരാണുണ്ടായിരുന്നത്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ 2015 മുതൽ ഇവരുടെ ശമ്പളം മുടങ്ങി. എന്നാലും രണ്ടുവർഷം കൂടി ജോലിയിൽ തുടർന്നു. 2017 ആഗസ്റ്റിൽ കമ്പനി അടച്ചുപൂട്ടിയതോടെ താമസവും ഭക്ഷണവും കൂടി പ്രതിസന്ധിയിലായി. തുടർന്ന് പരാതിയുമായി ലേബർ കോടതിയെ സമീപിച്ചു. ഇഖാമയുടെ കാലാവധിയും കഴിഞ്ഞിരുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തി 70ഓളം പേർ മറ്റ് കമ്പനികളിൽ ജോലി നേടി. ഇഖാമ പുതുക്കാൻ തൊഴിലുടമ തയാറായില്ലെങ്കിൽ സ്വന്തം നിലയ്ക്ക് വേറെ തൊഴിലുടമയെ തേടാൻ അനുവദിക്കുന്ന തൊഴിൽ നിയമാണ് ഇവർക്ക് തുണയായത്.

ജോലി കിട്ടാതെ ബാക്കിയായവർ അസീസിയയിലെ ലേബർ ക്യാമ്പിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി പൊലീസ് പരിശോധനയിൽ കുടുങ്ങി പലരും പലസമയങ്ങളിലായി നാടുകടത്തപ്പെട്ടു. ഒടുവിൽ 14 പേർ  അവശേഷിച്ചു. അപ്പോഴേക്കും ലേബർ ക്യാമ്പിെൻറ സ്ഥിതി പരിതാപകരമായി മാറിയിരുന്നു. കറൻറും വെള്ളവുമില്ലാതായി. കുറച്ച് മനുഷ്യസ്നേഹികളും സംഘടനകളും ചേർന്ന് വേറെ താമസസൗകര്യമൊരുക്കി അങ്ങോട്ട് മാറ്റി. ഭക്ഷണവും അവർ തന്നെ എത്തിച്ചു. തൃശൂർ എംപി ടി എൻ പ്രതാപൻ വിഷയത്തിൽ ഇടപെട്ടേതാടെ കൂടുതൽ പേർ സഹായിക്കാൻ മുന്നോട്ടുവന്നു. ഇതിൽ എട്ടുപേർ മലയാളികളായിരുന്നു. അതിൽ അഞ്ചും തൃശൂർ സ്വദേശികളും. ബാക്കി തമിഴ്നാട്, ആന്ധ്ര സ്വദേശികളും. ഇവരെല്ലാം പ്രായാധിക്യവും രോഗവും മൂലം അവശരായിരുന്നു. ഇന്ത്യൻ എംബസി ഇടപെട്ട് ചികിത്സാസൗകര്യം ഏർപ്പെടുത്തി. ഈ വർഷം ഓഗസ്റ്റിലാണ് കോടതിയുടെ അനുകൂല വിധി വന്നത്.

14 പേരുൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും കമ്പനി അടച്ചുപൂട്ടിയത് വരെയുള്ള ശമ്പള കുടിശികയും മുഴുവൻ ആനുകൂല്യങ്ങളും കമ്പനിയുടമകൾ നൽകണമെന്നായിരുന്നു വിധി. അതെല്ലാവർക്കും കിട്ടി. പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസി ഔട്ട്പാസ് അനുവദിച്ചു. തർഹീലിൽ നിന്ന് എക്സിറ്റ് വിസയും നേടി. കഴിഞ്ഞ ദിവസങ്ങളിലാണ് എല്ലാവരും നാട്ടിലേക്ക് മടങ്ങിയത്. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, നേവൽ ഗുരുവായൂർ എന്നിവരാണ് തൊഴിലാളികളെ സഹായിക്കാൻ ആദ്യം മുതല്‍ ഒപ്പമുണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios