Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍

ആദ്യ ഡോസ് എടുത്ത ശേഷം 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. വാക്സിനെടുക്കാനെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം സംശയങ്ങളും ദൂരീകരിച്ചാണ് ഇഞ്ചക്ഷന്‍ നല്‍കുന്നത്. 

expats in uae received covid 19 vaccine
Author
Abu Dhabi - United Arab Emirates, First Published Dec 12, 2020, 9:30 PM IST

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതോടെ പ്രവാസികളുള്‍പ്പെടെ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. യുഎഇയില്‍ അംഗീകരിച്ച ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിനാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി നല്‍കി തുടങ്ങിയത്. 

വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് കീഴിലുള്ള 18 മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. രാവിലെ ഒമ്പത് മണി മുതല്‍ തന്നെ വാക്‌സിനേഷന്‍ ആരംഭിച്ചു. ഇതിനും വളരെ നേരത്തെ തന്നെ വാക്‌സിന്‍ സ്വീകരിക്കാനായി ആളുകളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. പ്രതിദിനം 5,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വിപിഎസ് കൊവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് ലീഡ് ഡോക്ടര്‍ പങ്കജ് ചൗള പറഞ്ഞു. ഇതിനായി ആശുപത്രികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് 15 മിനിറ്റ് സമയമാണ് വാക്‌സിനേഷനായി നല്‍കുന്നത്. വാക്‌സിന്‍ എടുത്ത ശേഷം 30 മിനിറ്റ് ആ വ്യക്തി നിരീക്ഷണത്തില്‍ തുടരും. 18 വയസ്സു മുതലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആദ്യ ഡോസ് എടുത്ത ശേഷം 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. വാക്സിനെടുക്കാനെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം സംശയങ്ങളും ദൂരീകരിച്ചാണ് ഇഞ്ചക്ഷന്‍ നല്‍കുന്നത്.  വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും യുഎഇ ഭരണ നേതൃത്വത്തോട് നന്ദി അറിയിക്കുന്നതായും പ്രവാസികള്‍ പ്രതികരിച്ചു. കൊവിഡ് വാക്‌സിനേഷന്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രതീക്ഷയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

അബുദാബി, അൽ  ഐൻ നിവാസികൾക്ക്  വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. വാക്സിൻ ലഭിക്കുന്നതിന്  അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന്  വിപിഎസ് ഹെൽത്ത്കെയർ ഹെൽപ് ലൈൻ നമ്പറിൽ ( 8005546) വിളിക്കണം. വാട്സ്ആപ്പ്  വഴി 0565380055 എന്ന നമ്പറിലും  ബുക്ക് ചെയ്യാം. വെബ്‌സൈറ്റ്  വഴി സ്ലോട്ട്  ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് www.vpshealth.com, www.covidvaccineuae.com  വെബ്‌സൈറ്റുകളിൽ  ലോഗിൻ ചെയ്യണം. 20 ലക്ഷം ഡോസ് വാക്സിനുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിച്ചത്. മാസങ്ങളായി യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാമിന്റേത്. 120 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിനെടുത്തത്. അബുദാബി ആസ്ഥാനമായ ജി42 ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നായിരുന്നു നടപടികള്‍.

Follow Us:
Download App:
  • android
  • ios