Asianet News MalayalamAsianet News Malayalam

മാസങ്ങളായി ശമ്പളമില്ല, വിസാ കാലാവധി കഴിഞ്ഞു; ഇന്ത്യൻ എംബസിയുടെ കനിവ് കാത്ത് മലയാളികളടക്കമുള്ള പ്രവാസികള്‍

ഇവരോടൊപ്പം ഉണ്ടായിരുന്ന തൃശൂർ കുമ്പളക്കോട് പഴയന്നൂർ സ്വദേശി മുഹമ്മദ് ഹനീഫ ജൂൺ നാലിന് ഈ ക്യാമ്പിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിൽ മുഹമ്മദ് ഹനീഫക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

expats including keralites seeks help from Indian EMBASSY
Author
Muscat, First Published Jun 26, 2020, 11:03 PM IST

മസ്കറ്റ്: മാസങ്ങളോളം ശമ്പളം ലഭിക്കാതെയും വിസാ കാലാവധി കഴിഞ്ഞും മസ്‌കറ്റിലെ ഗാലയിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ ഇന്ത്യൻ എംബസിയുടെ കനിവിനായി കാത്തിരിക്കുന്നു. മലയാളികളടക്കമുള്ള നിരവധി തൊഴിലാളികളാണ് സഹായത്തിനായി കാത്തിരിക്കുന്നത്.

തങ്ങളുടെ ഒരു സഹപ്രവർത്തകൻ ക്യാമ്പിൽ വെച്ച് മരണപ്പെട്ടിട്ടും ഇന്ത്യൻ എംബസിയും കമ്പനി അധികൃതരും തികച്ചും മൗനത്തിലാണെന്നും തൊഴിലാളികള്‍ പറയുന്നു. കൊവിഡ് വ്യാപനം വർധിക്കുന്നതിന് വളരെ മുമ്പേ തന്നെ മാസങ്ങളോളം ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി  ഇവർ മസ്കറ്റ് ഇന്ത്യൻ എംബസിയെ നിരന്തരമായി സമീപിച്ചിരുന്നു. 

എന്നാൽ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഒരു നടപടികളും ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. ഇരുനൂറോളം തൊഴിലാളികൾ   ഉൾപ്പെടുന്ന ഗാലയിലുള്ള മൂന്ന് വിവിധ കമ്പനികളുടെ ക്യാമ്പുകളിൽ കഴിയുന്ന അറുന്നൂറിലധികം ഇന്ത്യക്കാര്‍ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകുമോ എന്ന ആശങ്കയിലാണെന്ന് തൊഴിലാളികളിലൊരാളായ ബാലകൃഷ്ണന്‍ നാരായണന്‍കുട്ടി പറഞ്ഞു.

ഇവരോടൊപ്പം ഉണ്ടായിരുന്ന തൃശൂർ കുമ്പളക്കോട് പഴയന്നൂർ സ്വദേശി മുഹമ്മദ് ഹനീഫ ജൂൺ നാലിന് ഈ ക്യാമ്പിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിൽ മുഹമ്മദ് ഹനീഫക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ ക്യാമ്പിലുള്ള കുറെയധികം തൊഴിലാളികൾ  ഇപ്പോൾ നിരീക്ഷണത്തിലുമാണുള്ളത്. 

ഈ കമ്പനികളിൽ അഞ്ചു മുതൽ ഇരുപത്തിരണ്ടു വര്‍ഷം വരെ ജോലി ചെയ്തവർ ഈ കൂട്ടത്തിൽപ്പെടുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമടക്കം വൻ തുകയാണ് ഇവർക്ക് ലഭിക്കാനുള്ളത്. കൊവിഡ് ഭീതിയിൽ ഒറ്റമുറിയിൽ തിങ്ങിപ്പാർക്കുന്ന തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രധാന ആവശ്യമെന്ന് ഡ്രൈവറായ വര്‍ഗീസ് കല്ലട പറയുന്നു. ഈ വിഷയത്തിൽ മസ്കറ്റ്  ഇന്ത്യൻ എംബസിയുടെ പ്രതികരണമാരാഞ്ഞിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios