കുവൈത്ത് സിറ്റി: അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ കുവൈത്ത് നടപടികള്‍ ആരംഭിച്ചു. ഇതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡാറ്റാ ബേസ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചു.

അടുത്ത വര്‍ഷം ആദ്യം മുതല്‍ ഈ വിഭാഗത്തിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും പെര്‍മിറ്റ് മാറ്റവും വിലക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായാണിത്. 59 വയസ്സ് പൂര്‍ത്തിയായവരും 60ല്‍ കൂടുതല്‍ പ്രായമുള്ളവരുമായ ഹൈസ്‌കൂള്‍ ഡിപ്ലോമയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68,318 വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ 59 വയസ്സും 60 വയസ്സും പൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷത്തേക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയും മാറ്റി നല്‍കുകയും ചെയ്യും. എന്നാല്‍ അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.