ദോഹ: എക്സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞു. ഇനി രാജ്യം വിട്ടുപോകാന്‍ വിദേശ തൊഴിലാളികള്‍ക്ക് ഉടമകളുടെ അനുമതി ആവശ്യമില്ല. പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം സ്വാഗതം ചെയ്തു.

വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ ഖത്തറില്‍ നിന്ന് ഇനി സ്വന്തം നാട്ടിലേക്ക് വരാം. ഇതു സംബന്ധിച്ച് ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റംവരുത്തി.  ദോഹയിലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസാണ് ചരിത്രപരമായ കരാര്‍ നടപ്പിലാക്കിയത്. നേരത്തെയുണ്ടായിരുന്ന നിയമം അനുസരിച്ച്  കുടിയേറ്റ തൊഴിലാളികള്‍ക്ക് ഖത്തര്‍ വിട്ടു പോകണമെങ്കില്‍ അവരുടെ തൊഴിലുടമയുടെ അനുമതി വേണമായിരുന്നു. പുതിയ നിയമമനുസരിച്ച് അത്തരത്തിലൊരു അനുമതിയുടെയും ആവശ്യമില്ല. തൊഴില്‍ നിയമത്തിന് പുറത്തുള്ള തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകും.

ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതിന്‍റെ തെളിവായി എക്സിറ്റ് വിസ സംവിധാനം വിമര്‍ശിക്കപ്പെട്ടിരുന്നു. 2022ലെ ഫുട്ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവകാശം നേടിയെടുത്തതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് എക്സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞത്. രാജ്യത്തുകഴിയുന്ന മലയാളികളടക്കമുള്ള 20 ലക്ഷത്തോളം തൊഴിലാളികള്‍ കരാറിനെ സ്വാഗതം ചെയ്തു.