ഒരു കോടി സന്ദര്‍ശകരെത്തുന്നതിന്റെ ഭാഗമായുള്ള ആഘോഷവും ഞായറാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വിനോദപരിപാടികളും സംഘടിപ്പിക്കും.

ദുബൈ: എക്‌സ്‌പോ 2020ല്‍(Expo 2020) ഒരു കോടി സന്ദര്‍ശകര്‍ എത്തുന്നത് ആഘോഷമാക്കുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച എക്‌സ്‌പോയിലെ പ്രവേശന നിരക്ക് 10 ദിര്‍ഹമാക്കി കുറച്ചു. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്‌സ്‌പോ 2020 ദുബൈയില്‍ ഞായറാഴ്ച ഒരു കോടി സന്ദര്‍ശകര്‍(visitors) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു കോടി സന്ദര്‍ശകരെത്തുന്നതിന്റെ ഭാഗമായുള്ള ആഘോഷവും ഞായറാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വിനോദപരിപാടികളും സംഘടിപ്പിക്കും. കൊറിയയുടെ ദേശീയ ദിനാഘോഷവും ഞായറാഴ്ച നടക്കും. എക്‌സ്‌പോ സൈറ്റുകള്‍ വഴിയോ എക്‌സ്‌പോ വേദിയില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി പി.സി.ആര്‍ പരിശോധന നടത്തുകയും ചെയ്യാം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020, മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. 

യുഎഇയില്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍

അബുദാബി: യുഎഇയില്‍(UAE) കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍(covid vaccine doses) വിതരണം ചെയ്തു. 55,203 ഡോസുകളാണ് രാജ്യത്ത് നല്‍കിയത്.

 2.3 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യത്താകെ വിതരണം ചെയ്തതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേര്‍ക്ക് 233.22 ഡോസുകള്‍ എന്ന തോതിലാണിത്. ദുബൈയിലെ മിനാ റാഷിദിലെ കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസ് കേന്ദ്രം അടച്ചതായി അബുദാബി ഹെല്‍ത്ത് സര്‍വാസസ് കമ്പനി അറിയിച്ചു. കൊവിഡ് 19 പിസിആര്‍ പരിശോധനയോ വാക്‌സിനേഷനോ ആവശ്യമായവര്‍ സിറ്റി വാക്കിലെയോ അല്‍ ഖവനീജിലെയോ സെഹ കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസസ് ഉപയോഗപ്പെടുത്തണം. ഇതിനായി സെഹ ആപ്പ് വഴി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യണം. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി എട്ടു വരെയാണ് സെന്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക.

അതേസമയം യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു. ഇന്ന് 3,116 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1182 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,10,949 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,02,181 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,59,213 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,188 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 40,780 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.