Asianet News MalayalamAsianet News Malayalam

കാണാക്കാഴ്ചകളുടെ അവിശ്വസനീയ ലോകമൊരുക്കി ഷാര്‍ജയിലെ 'എക്സ്പോഷര്‍'

ലോകോത്തര ഫോട്ടോഗ്രഫര്‍മാരുടെ ചിത്രങ്ങളാണ് എക്സ്പോഷറില്‍ പ്രദര്‍ശിപ്പിക്കുന്നത്. മനസിനെ ആനന്ദിപ്പിക്കുകയും, ഉള്ള് പൊള്ളിക്കുകയും ചെയ്യുന്ന ഫോട്ടോകൾ ഇവിടെ കാണാം. 

Exposure photo exhibition in Sharjah Asianet News Gulf Roundup afe
Author
First Published Feb 22, 2023, 9:33 PM IST

കാണാക്കാഴ്ചകളുടെ അവിശ്വസനീയ ലോകമാണ് എക്സ്പോഷര്‍. പ്രകൃതിയും മനുഷ്യനും ആകാശവും ഭൂമിയും കാലവും എല്ലാം ക്യാമറക്കണ്ണുകളിലൂടെ കാണിച്ച് തരുകയാണ് എക്സ്പോഷര്‍. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഫോട്ടോ എക്സിബിഷന്‍, ആസ്വാദകരെ സംബന്ധിച്ച് ഒരേ സമയം പല അനുഭവങ്ങൾ സമ്മാനിക്കുന്നു.

ലോകോത്തര ഫോട്ടോഗ്രഫര്‍മാരുടെ ചിത്രങ്ങളാണ് എക്സ്പോഷറില്‍ പ്രദര്‍ശിപ്പിക്കുന്നത്. മനസിനെ ആനന്ദിപ്പിക്കുകയും, ഉള്ള് പൊള്ളിക്കുകയും ചെയ്യുന്ന ഫോട്ടോകൾ ഇവിടെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 74 ചിത്രകാരന്‍മാര്‍ പകര്‍ത്തിയ 1794 ചിത്രങ്ങളാണ് എക്സ്പോഷറില്‍ ഉള്ളത്.

യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇത്തവണ എക്സ്പോഷറില്‍ ശ്രദ്ധനേടിയിരിക്കുന്നത്. യുദ്ധമുഖത്തെ ആശങ്കകളും നിസഹായതയും എല്ലാം ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ക്ലസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ വഴിയരികില്‍ മരിച്ച് കിടക്കുന്ന വൃദ്ധന്‍ മുതല്‍, ബങ്കറുകളുടെ സുരക്ഷിതത്വത്തില്‍ ഉറങ്ങുന്ന പിഞ്ചു കുഞ്ഞുവരെ. സ്പാനിഷ് ഫോട്ടോഗ്രാഫര്‍ ഡീഗോ ഹെരേര കാര്‍സാഡോ ആണ് യുക്രെയ്നുലൂടെ സഞ്ചരിച്ച് ഈ ചിത്രങ്ങൾ പകര്‍ത്തിയത്.

വന്യജീവികളും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ കഥ പറയുന്നതാണ് ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ആയ കെഎം ആസാദിന്റെ ചിത്രങ്ങൾ. അതേസമയം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ലാവോൺ പെറിസിന്റെ ചിത്രങ്ങൾ. ഒരുകാലത്ത് നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിറയെ കണ്ടിരുന്നതും എന്നാല്‍ ഇന്ന് അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്നവയുമായ ജീവജാലങ്ങളെ ഫൊട്ടോഗ്രാഫര്‍ കാണിച്ച് തരുന്നു.

ലോകം എങ്ങനെ ഒരു മാലിന്യക്കൂമ്പാരമാണെന്ന ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗെയില്‍സ് ക്ലാര്‍ക്ക് പകര്‍ത്തിയ ഫോട്ടോകൾ. ഈ മാലിന്യക്കൂമ്പാരങ്ങളില്‍ അതീജീവനം തിരയുന്ന മനുഷ്യനെയും ഈ ചിത്രങ്ങളില്‍ കാണാനാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും അപകടങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും നമുക്ക് ഈ ചിത്രങ്ങളില്‍ കാണാം. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കയിലും പര്യവേക്ഷണം നടത്തുന്ന ശാസ്ത്ര സംഘത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നമ്മളും തണുത്ത് മരവിക്കും.

നാസയുടെ വിവിധ ചാന്ദ്ര ദൗത്യങ്ങളുടെയും ബഹിരാകാശ യാത്രകളുടെയും അപൂര്‍വ ചിത്രങ്ങളും ഇവിടെയുണ്ട്. വിദ്യാര്‍ഥികൾക്കും ശാസ്ത്രവിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്രദമാണ് ഈ ചിത്രങ്ങൾ. പത്ത് വിഭാഗങ്ങളിലായി ഫൊട്ടോഗ്രഫി മല്‍രസരവും എക്സ്പോഷറിന്റെ ഭാഗമായുണ്ട്. വേൾഡ് പീസ് വിഭാഗത്തിൽ സമ്മാനാർഹമായ ചിത്രം ലോകത്തിലെ ജീവിച്ചിരിക്കുന്ന രണ്ട് നോർത്ത് വൈറ്റ് റൈനോകളിൽ ഒന്നായ നജിന്റെയും കെയർടേക്കർ സാക്കാറിയുടെയുമാണ്. സ്ലൊവേനിയയിലാണ് ഇവരുള്ളത്. ഒരുപാട് ചിന്തിപ്പിക്കുന്നതാണ് ഈ വിഭാഗത്തിലെ ഓരോ ചിത്രങ്ങളും.

ഷാ‍ർജ സർക്കാരിലെ ഉദ്യോഗസ്ഥർക്കായി നടത്തിയ മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയത് മലയാളികളാണ്. ആകാശംമുട്ടെ ഉയർന്ന കെട്ടിടങ്ങളുടെ ഗ്ലാസുകൾ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെടുന്നവരുടെ, Every life is a life line എന്ന ചിത്രത്തിലൂടെ മലയാളിയായ അബ്ദുൽ കരീം ഒന്നാം സമ്മാനം നേടി. ഫോട്ടോഗ്രഫിയിലെ പുതിയ പരീക്ഷണങ്ങളും പ്രവണതകളും കണ്ടറിയാന്‍ ഒട്ടേറെ പേരാണ് ഇവിടേക്ക് എത്തിയത്.

ഓരോ ചിത്രങ്ങളും ഇരുത്തി ചിന്തിപ്പിക്കുന്നവയും വിസ്മയിപ്പിക്കുന്നവയുമാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവ‍ർ എക്കാലവും കാത്തിരിക്കുന്ന പ്രദർശനമാണ് എക്സ്പോഷർ. കാണാകാഴ്ചകൾ കാണുന്നതിനപ്പുറം പലതും പഠിക്കാനുള്ള വേദി കൂടിയാണ് ഇത്. അത്രകണ്ട് വേറിട്ട ആശയങ്ങളുമായാണ് പലദിക്കിൽ നിന്നും ഫോട്ടോഗ്രഫർമാര്‍ ഇവിടേക്കെത്തുന്നത്. അതിനൊക്കെയുമപ്പുറം മാനവരാശിക്കുള്ള ചില ഓര്‍മപ്പെടുത്തല്‍ കൂടി ഈ ചിത്രങ്ങളിലുണ്ട്.
 


Read also: കീഴടക്കാന്‍ ദുഷ്കരമായ മലകളുടെ മുകൾത്തട്ടിലേക്ക് മാത്രം യാത്ര ചെയ്യുന്ന ഒരു മലപ്പുറത്തുകാരന്‍ പ്രവാസി

Follow Us:
Download App:
  • android
  • ios