റിയാദ്: സൗദി അറേബ്യയ്ക്ക് പുറത്തുള്ള  പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്‌സിറ്റ്, റീ എന്‍ട്രി വിസകള്‍ സ്വമേധയാ മൂന്ന് മാസത്തേക്ക് ഫീസ് ഈടാക്കാതെ നീട്ടി നല്‍കുന്ന പ്രക്രിയ പൂര്‍ത്തിയായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട്സ്(ജവാസത്ത്) അറിയിച്ചു. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ എക്‌സിറ്റ്, റീ എന്‍ട്രി വിസകളുടെ കാലാവധി തീര്‍ന്ന പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും എക്‌സിറ്റ്, റീ എന്‍ട്രി വിസ സേവനങ്ങളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ഇളവ് ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ആപ്പ് വഴിയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യക്തി വിദേശത്തായിരിക്കണമെന്നും ഇഖാമ കാലാവധിയുള്ളതായിരിക്കണമെന്നുമാണ് വ്യവസ്ഥകള്‍. റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ച് 60 ദിവസം പൂര്‍ത്തിയാകാനും പാടില്ല. റീ എന്‍ട്രി ദീര്‍ഘിപ്പിച്ച കാലയളവിലും ഇഖാമ സാധുവായിരിക്കണം.

ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് കൂടി ബുക്കിങ് ആരംഭിച്ച് കുവൈത്ത് എയര്‍ലൈന്‍സ്