കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും, വിവാദത്തിനൊടുവില്‍ രാജിവയ്ക്കുകയും ചെയ്ത മലയാളി ഡോക്ടര്‍ അജിത്ത് കുമാറിന്‍റെ വിട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍.  സ്ഥാപിത താല്‍പര്യക്കാര‍് വേട്ടയാടിയതിനെ തുടര്‍ന്നാണ് അജിത് കുമാറിന് ജോലി ഉപേക്ഷിക്കേണ്ടി വന്നതെന്നും ആക്രമണങ്ങള‍് നേരിട്ടിട്ടും നിലപാടില്‍ ഉറച്ചുനിന്ന ഡോക്ടര്‍മാരെ പോലുള്ളവരാണ് മോദി സര്‍ക്കാറിന്‍റെ ബലമെന്നും  വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അജിത്ത് കുമാറിന്‍റെ കരുനാഗപ്പള്ളിയിലെ വീട് സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

ഖത്തറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു അജിത്കുമാർ.  ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ആശുപത്രി അധികൃതർ‌ വിശദീകരണം ആവശ്യപ്പെടുകയും ഡോക്ടർ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, ആശുപത്രിയിൽനിന്ന് ഡോക്ടറെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായതോടെ അജിത് സ്വയം രാജിവയ്ക്കുകയായിരുന്നു. 

ഡോ. അജിത് എസ് മാളിയാടന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൗരത്വ നിയമ ഭേദ​ഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ അജിത് ശ്രീധരൻ രൂക്ഷവിമർശനങ്ങളുന്നയിച്ചത്. നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംവിമോചന സമരമെന്ന നിലയില്‍ ഇപ്പോള്‍ പ്രക്ഷോഭങ്ങൾ നടക്കുന്നതെന്നും പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് തീക്കൊളുത്തി ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതല്‍ നശിപ്പിക്കുന്നതിനെ പൊതുജനപ്രക്ഷോഭമായി മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു അജിത് ശ്രീധരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ ഒരു സംഘം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയും കുപ്രചരണം നടത്തുകയും ചെയ്തതിന്റെ ഫലമായി ഖത്തറിലെ സ്വകാര്യാശുപത്രിയില്‍നിന്ന് ജോലി ഉപേക്ഷിച്ചു മടങ്ങിയ ആളാണ് മലയാളിയായ ഡോക്ടര്‍ അജിത്കുമാർ. അദ്ദേഹത്തിന്റെ കരുനാഗപ്പള്ളിയിലെ വസതിയിൽ ഇന്ന് പോയപ്പോഴാണ് സമൂഹമാധ്യമങ്ങളിലെ ചില സ്ഥാപിത താത്പര്യക്കാർ എത്ര മാത്രം അദ്ദേഹത്തെ വേട്ടയാടിയെന്ന് മനസിലാക്കാനായത്. ഇത്രയും ദുരനുഭവങ്ങൾ നേരിട്ടിട്ടും തന്റെ നിലപാടിലുറച്ചു നിൽക്കുന്ന ഡോ.അജിത് കുമാറിനെ പോലുള്ളവരാണ് നരേന്ദ്ര മോദി സർക്കാരിന്റെ ശക്തി.