ഇ-മൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് കാണിച്ച് കുവൈത്തിലും ഇന്ത്യയിലും പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് എംബസി അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുവെന്ന് കാണിച്ച് പ്രചരിക്കുന്ന പര്യങ്ങള്‍ വ്യാജമാണെന്ന് എംബസിയുടെ മുന്നറിയിപ്പ്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഇ-മൈഗ്രേറ്റ് സംവിധാനം വഴി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്നായിരുന്നു പരസ്യങ്ങളുടെ ഉള്ളടക്കം. എന്നാല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടത്താന്‍ എംബസിയെ സമീപിച്ചിട്ടില്ല.

നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നേരത്തെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇ-മൈഗ്രേറ്റ് എന്ന പേരില്‍ സംവിധാനമൊരുക്കിയത്. ഇ-മൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് കാണിച്ച് കുവൈത്തിലും ഇന്ത്യയിലും പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് എംബസി അറിയിച്ചു. കുവൈത്ത് ആരോഗ്യ ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ യോഗ്യതകളുള്ളവരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്താനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.