കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ മോഷ്‍ടാവ് ഇന്ത്യക്കാരന്റെ പണം കവര്‍ന്ന് കടന്നുകളഞ്ഞു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിപ്പിനിരയായ വ്യക്തി സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ വാഹനവുമായി പോകുന്നതിനിടെ  ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ്  വാഹനം തടയുകയും തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പണവും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം ഇയാള്‍ സ്വന്തം വാഹനത്തില്‍ രക്ഷപെട്ടു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.