ദുബായ്: പൊലീസ് വേഷത്തില്‍ വാഹനത്തിലെത്തി പണം തട്ടിയ ഏഴംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 35 ലക്ഷം ദിര്‍ഹമാണ് ഇവര്‍ രണ്ട് പാകിസ്ഥാന്‍ പൗരന്മാരില്‍ നിന്ന് കൈക്കലാക്കിയത്. 39 വയസുള്ള ഒരു സ്വദേശിയും 38 കാരനായ സിറിയക്കാരനുമായിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്മാര്‍.

രണ്ട് പ്രധാന പ്രതികള്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനും നാല് പാകിസ്ഥാന്‍ പൗരന്മാരുമടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. നാഈഫില്‍ വെച്ചാണ് ഇവര്‍ രണ്ട് പാകിസ്ഥാന്‍ പൗരന്മാരുടെ പണം കവര്‍ന്നത്. ലാന്റ് ക്രൂയിസര്‍ കാറിലെത്തി പാകിസ്ഥാന്‍ പൗരന്മാരെ തടഞ്ഞുനിര്‍ത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു. ഇരുവരുടെ പക്കലുള്ള പണത്തിന്റെ ഉറവിടും സംബന്ധിച്ച കേസുണ്ടെന്ന് അറിയിക്കുകയും തുടര്‍ന്ന് ഇവരെ പണം സൂക്ഷിച്ചിരുന്ന ജബല്‍ അലിയില്‍ എത്തിക്കുകയുമായിരുന്നു

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പണം പിടിച്ചെടുക്കുയാണെന്ന് ഇവര്‍ അറിയിച്ചു. പിന്നീട് കേസ് എന്താണെന്ന് അറിയാനും വിശദാംശങ്ങള്‍ തിരക്കാനും ഇവര്‍ അബുദാബിയിലെ ഒരു പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായത്. ഇവര്‍ക്കെതിരെ കേസോ അന്വേഷണമോ നടക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചതോടെ നടന്ന സംഭവങ്ങള്‍ ഇരുവരും പൊലീസിനെ ധരിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴി അനുസരിച്ചാണ് സഹായികളായിരുന്ന ഏഴ് പേരെ പിന്നീട് പിടികൂടിയത്. പാകിസ്ഥാനികളുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് പ്രതികളിലൊരാള്‍ക്ക് അറിവുണ്ടായിരുന്നു. 

പ്രതികള്‍ തട്ടിയെടുത്തതില്‍ അഞ്ച് ലക്ഷം ദിര്‍ഹം മാത്രമേ പൊലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് ഏപ്രില്‍ രണ്ടിലേക്ക് കോടതി മാറ്റിവെച്ചു.