വ്യാജ ഡോക്ടറുടെ ഇഖാമയില്‍ 'കൊല്ലപ്പണിക്കാരന്‍' എന്നാണ് ജോലി രേഖപ്പെടുത്തിയിരിക്കുന്നത്. താമസ സ്ഥലം കേന്ദ്രീകരിച്ച് ചികിത്സ നടത്തുന്നതായി വിവരം ലഭിച്ച ആരോഗ്യ വകുപ്പ് അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. 

റിയാദ്: താമസ സ്ഥലത്ത് ദന്ത ചികിത്സാ കേന്ദ്രം നടത്തിയ പ്രവാസികളുടെ സംഘം സൗദി അറേബ്യയില്‍ പിടിയിലായി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന ക്ലിനിക്കില്‍ പ്രവാസിയായ ഒരു ഇരുമ്പ് പണിക്കാരനായിരുന്നു ഡോക്ടറായി ചികിത്സ നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

ദക്ഷിണ റിയാദിലായിരുന്നു സംഭവം. വ്യാജ ഡോക്ടറുടെ ഇഖാമയില്‍ 'കൊല്ലപ്പണിക്കാരന്‍' എന്നാണ് ജോലി രേഖപ്പെടുത്തിയിരിക്കുന്നത്. താമസ സ്ഥലം കേന്ദ്രീകരിച്ച് ചികിത്സ നടത്തുന്നതായി വിവരം ലഭിച്ച ആരോഗ്യ വകുപ്പ് അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലം റെയ്‍ഡ് ചെയ്‍ത് വ്യാജ ഡോക്ടറെയും സഹായികളെയും അറസ്റ്റ് ചെയ്‍തു. ചികിത്സക്കായി ഉപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. വിശദമായ അന്വേഷണം നടത്താനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമത്തെ വെല്ലുവിളിച്ച് അനധികൃതമായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.