റിയാദ്: ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് ചികിത്സ നടത്തിയ വ്യാജന്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. വാദി ദവാസിറില്‍ നിന്നാണ് വിദേശിയായ വ്യാജ ഡോക്ടറെയും അഞ്ച് കൂട്ടാളികളെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. മരുന്നുകളുടെ വന്‍ശേഖരവും സിറിഞ്ചുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമെല്ലാം ഇവരില്‍ നിന്ന് പിടികൂടി. ആറ് പേരെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

വിദേശിയായ വ്യാജ ഡോക്ടറുടെ നേതൃത്വത്തില്‍ വാദി ദവാസിറില്‍ കൊവിഡിന് ചികിത്സ നല്‍കുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തൊഴില്‍, ഇഖാമ നിയമ ലംഘകന്‍ കൂടിയായ വ്യാജ ഡോക്ടര്‍ ഇയാളുടെ നാട്ടുകാര്‍ താമസിച്ചിരുന്ന ഒരു റസിഡന്‍ഷ്യല്‍ കോമ്പൗണ്ട്‌  കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാദി ദവാസിര്‍ പൊലീസ് മേധാവി കേണല്‍ ഫഹദ് അല്‍ ഉതൈബിയുടെ മേല്‍നോട്ടത്തില്‍  പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് വ്യാജന്‍ കുടുങ്ങിയത്. സ്വന്തം നാട്ടുകാരും അല്ലാത്തവരുമായ രോഗികളെ ഇവിടേക്ക് എത്തിച്ചിരുന്ന അഞ്ച് സഹായികളും പിടിയിലായി. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പുറമെ വന്‍തുകയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.