ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ അവധി പ്രഖ്യാപിച്ചെന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ പേരിലാണ് വ്യാജ ട്വീറ്റ് പ്രചരിക്കുന്നത്. വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയ വഴിയും ഇത് വ്യാപകമായി പ്രചരിച്ചതോടെ അതോരിറ്റി തന്നെ വിശദീകരണവുമായി രംഗത്തെത്തി.

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാര്‍ച്ച് ഒന്നുമുതല്‍ സ്കൂളുകള്‍ക്ക് അവധി നല്‍കുന്നുവെന്നും വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നുമായിരുന്നു വ്യാജ ട്വീറ്റിലെ അറിയിപ്പ്. ഇത് വ്യാജമാണെന്നും വസ്തുത പരിശോധിക്കാതെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റി അറിയിച്ചു. അതേസമയം യുഎഇയിലെ നഴ്‍സറി സ്കൂളുകള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.