12 വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്യുകയാണ് ബാബുരാജ്. കഴിഞ്ഞ ദിവസം പൊലീസ് സ്പോണ്‍സറെ ബന്ധപ്പെട്ട് ബാബുരാജിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. 

റിയാദ്: സൗദിയില്‍ മലയാളിയുടെ പേരില്‍ വ്യാജ സിം കാര്‍ഡ് എടുത്ത് സാമ്പത്തിക തട്ടിപ്പ്. മലപ്പുറം സ്വദേശി ബാബുരാജാണ് നിയമക്കുരുക്കിലായത്. സൗദി സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മലയാളിയുടെ പേരിലെടുത്ത വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചത്.

12 വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്യുകയാണ് ബാബുരാജ്. കഴിഞ്ഞ ദിവസം പൊലീസ് സ്പോണ്‍സറെ ബന്ധപ്പെട്ട് ബാബുരാജിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ പേരില്‍ വലിയ തട്ടിപ്പ് നടന്ന വിവരം അദ്ദേഹം അറിഞ്ഞത്. സൗദി പൗരനെ ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി 65,000 റിയാല്‍ കവര്‍ന്നതായിരുന്നു കേസ്.

ലോട്ടറി അടിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വിവരങ്ങള്‍ തന്നാല്‍ പണം നിക്ഷേപിക്കാമെന്നുമാണ് ഫോണിലൂടെ തട്ടിപ്പുകാര്‍ സൗദി പൗരനെ അറിയിച്ചത്. ഇതനുസരിച്ച് ഇയാള്‍ അക്കൗണ്ട് വിവരങ്ങള്‍ അയച്ചുകൊടുത്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് 65,000 റിയാല്‍ തട്ടിപ്പുകാര്‍ പിന്‍വലിച്ചു. ഇതോടെ തട്ടിപ്പുകാര്‍ വിളിച്ച ഫോണ്‍ നമ്പര്‍ സഹിതം ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. 

ഫോണ്‍ നമ്പറിന്റെ ഉടമ ആരാണെന്ന് പരിശോധിച്ചപ്പോഴാണ് ബാബുരാജിലേക്ക് അന്വേഷണം എത്തിയത്. സ്പോണ്‍സറെ ബന്ധപ്പെട്ട് ബാബുരാജിനെ സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ ബാബുരാജിന്റെ നിരപരാധിത്വം ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. വൈകുന്നേരത്തോടെ സ്പോണ്‍സറുടെ ജാമ്യത്തില്‍ വിടുകയായിരുന്നു. തന്റെ പേരില്‍ എട്ട് സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് പിന്നീട് ബാബുരാജിന്റെ അന്വേഷണത്തില്‍ ക്തമായിട്ടുണ്ട്. ഇത് ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹത്തിന് ഒരു വിവരവുമില്ല.

ജാമ്യത്തില്‍ വിട്ടെങ്കിലും ബാബുരാജിന്റെ ഇടപാടുകളെല്ലാം അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ നിയമക്കുരുക്കിലാവാതിരിക്കാന്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തന്റെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം. മറ്റ് കണക്ഷനുകളുണ്ടെങ്കില്‍ അവ അധികൃതരെ അറിയിച്ച് റദ്ദാക്കുകയും വേണം.