റിയാദ്​: കൊവിഡ്​ പ്രതിസന്ധിക്ക്​ അയവുവന്നതോടെ പ്രവാസി കുടുംബങ്ങൾ വിസിറ്റിങ്​ വിസയിലും സൗദിയിലേക്ക്​ യാത്ര ചെയ്‍തു​ തുടങ്ങി. റിയാദിൽ ജോലി ചെയ്യുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുജീബുറഹ്‍മാന്റെ കടുംബമാണ് വിസിറ്റിങ് വിസയിൽ കഴിഞ്ഞ ദിവസം റിയാദിലെത്തിയത്​. ദുബൈയിലെത്തി അവിടെ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷമായിരുന്നു റിയാദിലേക്കുള്ള ഇവരുടെ യാത്ര. 

മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഒരു വർഷ കാലാവധിയുള്ള വിസിറ്റ്​ വിസ മാർച്ച് അഞ്ചിനാണ്​ സ്റ്റാമ്പ്​ ചെയ്‍തത്​. എന്നാൽ കൊവിഡിനെ തുടർന്ന്​ യാത്രാവിലക്കുണ്ടായതിനാൽ ഇവർക്ക്​ സൗദിയിലെത്താൻ കഴിഞ്ഞില്ല. സെപ്‍റ്റംബർ 15 മുതൽ യാത്രാവിലക്ക്​ ഭാഗികമായി നീക്കിയതോടെ സൗദിയിലേക്ക്​ യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷ ഉണർന്നിരുന്നു. എന്നാൽ വിസിറ്റിങ്​ വിസയിലുള്ളവർക്ക്​ വരാൻ പറ്റുമോ എന്ന്​ വ്യക്തമല്ലായിരുന്നു. വിസയുള്ളവർക്ക്​ ദുബൈയിലെത്തി അവിടെ ക്വാറന്റീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക്​ വരാമെന്ന്​ വാർത്തയിൽ നിന്ന്​ അറിഞ്ഞതോടെ അതൊന്ന്​ പരീക്ഷിക്കാമെന്ന്​ തീരുമാനിക്കുകയായിരുന്നു മുജീബ്​റഹ്‍മാൻ. 

ഇതിനായി അദ്ദേഹം ആദ്യം ദുബൈയിലേക്ക്​ പോയി. അവിടെ നിന്നുള്ള വിസിറ്റിങ് വിസ കൂടി നേടി കുടുംബത്തിന് അയച്ചുകൊടുത്ത്​ അവരെയും അവിടെ എത്തിച്ചു. ദുബൈയിൽ ഒരു ഹോട്ടലിൽ മുറിയെടുത്ത്​ കുടുംബ സഹിതം 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. ഒടുവിൽ എല്ലാവരും കോവിഡ്​ ടെസ്‍റ്റ്​ നടത്തി നെഗറ്റീവ്​ റിസൾട്ടുമായി റിയാദിലേക്ക് പറക്കുകയായിരുന്നു. ഓരോരുത്തർക്കുമുള്ള കൊവിഡ്​ ടെസ്‍റ്റ്​ ഫീസ് 180 ദിർഹമാണ്​. 

റിയാദ്​ വിമാനത്താവളത്തിൽ നൂലാമാലകളൊന്നുമുണ്ടായിരുന്നില്ല. പാസ്‌പോർട്ടുകൾ എമിഗ്രേഷൻ വിഭാഗം പരിശോധിച്ച് ദുബൈയിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞെന്നും ​വേറെ രാജ്യങ്ങളിലേക്കൊന്നും ഈ കാലയളവിനിടയിൽ യാത്ര ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തി. എന്തായാലും വിസിറ്റിങ്​ വിസയിലും സൗദിയിലേക്ക് വരാമെന്ന് വ്യക്തമായതോടെ പ്രവാസികൾ ഏറെ ആശ്വാസത്തിലാണ്​.