ദുബായ്: ദുബായില്‍ വീട്ടുജോലിക്കാരിയിയാരുന്ന മലയാളി മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം. തൃശൂര്‍, മാള സ്വദേശി കടവില്‍ ഇഖ്ബാലിന്റെ ഭാര്യ ശബ്ന (45) ആണ് മരിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ ഫ്ലാറ്റില്‍ വെച്ച് വ്യാഴാഴ്ചയാണ് മരിച്ചത്. 

മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ശബ്നയുടെ പിതാവും ഭര്‍ത്താവും, മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക റൂട്ട്സിനും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലേക്കും പരാതി അയച്ചു. കൊച്ചി പോര്‍ട്ടില്‍ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് ഇഖ്ബാല്‍ അസുഖബാധിതനായതോടെയാണ് 44കാരിയായ ഷബ്‍ന കഴിഞ്ഞ സെപ്‍തംബറില്‍ സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് പോയത്.

ആദ്യം കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പിന്നീട് ദുബായ് ഒയാസീസ് കെട്ടിടത്തിലെ കണ്ണൂര്‍ സ്വദേശിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് മാറി. നല്ല ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. കണ്ണൂര്‍ സ്വദേശിയുടെ ഫ്ലാറ്റില്‍ വെച്ച് കുട്ടിയെ കുളിപ്പിക്കാനായി എടുത്തുവെച്ച വെള്ളത്തില്‍ കാല്‍ തെറ്റി വീണ് ഷബ്നയ്ക്ക് പൊള്ളലേറ്റെന്നാണ് തങ്ങളെ ആദ്യം അറിയിച്ചത്. പിന്നീട് കുളിമുറിയില്‍ നിന്ന് എന്തോ ദ്രാവകം തലയിലൂടെ വീണെന്നും അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വൈദ്യ സഹായം ലഭ്യമാക്കാനായില്ലെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ആശുപത്രിയില്‍ പോകാന്‍ ശബ്ന തയ്യാറായില്ലെന്നും പറയപ്പെടുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബാത്ത്റൂമില്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അധികൃതരെ വിവരമറിയിക്കുകയും പൊലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൃതദേഹം ദുബായ് പൊലീസിന്റെ വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.