റിയാദ്: ഫാമിലി വിസയില്‍ സൗദി അറേബ്യയില്‍ താമസിച്ചിരുന്നവര്‍ രാജ്യത്തിന് പുറത്തുപോയ ശേഷം തിരികെ വരുന്നതിന് തടസമില്ലെന്ന് ജവാസാത്ത് അറിയിച്ചു. കുടുംബ വിസയ്ക്ക് കാലാവധിയുണ്ടെങ്കില്‍ രാജ്യത്തേക്ക് തിരികെ വരുന്നതിന് തടസമില്ല. എന്നാല്‍ സൗദിയില്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളില്‍ ഇവര്‍ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കാന്‍ പാടില്ല.

ഫാമിലി വിസയില്‍ സൗദിയില്‍ പ്രവേശിക്കാനെത്തുന്നവര്‍ രണ്ടാഴ്‍ചയ്ക്കിടെ കൊറോണ ബാധിത രാജ്യങ്ങളില്‍ പോയിട്ടുണ്ടെങ്കില്‍ അവരെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ ശേഷം രാജ്യത്തിന് പുറത്തുപോയവര്‍ക്കും തിരികെ വരുന്നതിന് വിലക്കുകളില്ലെന്ന് ജവാസാത്ത് അറിയിച്ചു. ഇവരും 14 ദിവസത്തെ നിബന്ധന പാലിച്ചിരിക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശന വിസയില്‍ പലതവണ രാജ്യത്ത് പ്രവേശിക്കാനാവുമെങ്കിലും ഒരു വര്‍ഷം പരമാവധി 90 ദിവസം വരെയോ വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗദിയില്‍ തങ്ങാനാവൂ.