രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസിലെ ആന്റി നര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുകയായിരുന്നു. 

ദുബൈ: സോഷ്യല്‍ മീഡിയയില്‍ പ്രശസ്‍തനായ സൗദി യൂട്യൂബര്‍ക്ക് യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ. ഹാഷിഷ് ഉപയോഗിച്ചതിനും ദുബൈ ബിസിനസ് ബേയിലെ അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്‍തതുമടക്കമുള്ള കുറ്റങ്ങള്‍ക്കുമാണ് 18 വയസുകാരനെതിരെ ദുബൈ പ്രാഥമിക കോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏതാനും പേര്‍ക്കൊപ്പം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‍ത്. താമസ സ്ഥലത്തുവെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസിലെ ആന്റി നര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുകയായിരുന്നു. യുട്യൂബില്‍ ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന പ്രതിക്ക് ഇന്‍സ്റ്റഗ്രാമിലും നിരവധി ഫോളോവര്‍മാരുണ്ട്. രണ്ട് പുരുഷന്മാരും ഒരു പെണ്‍കുട്ടിയുമാണ് അറസ്റ്റിലാവുമ്പോള്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്നത്.

പുകയിലയോടൊപ്പം ചേര്‍ത്ത നിലയില്‍ 8.29 ഗ്രാം ഹാഷിഷും പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 82 ഗ്രാം ഹാഷിഷുമാണ് പിടിച്ചെടുത്തത്. അപ്പാര്‍ട്ട്മെന്റിലെ ലിവിങ് റൂമില്‍ മൂന്ന് കഞ്ചാവ് ചെടികളും വളര്‍ത്തിയിരുന്നു. ദുബൈയിലെ ഒരു പാര്‍ട്ടിക്കിടെ മറ്റൊരാളില്‍ നിന്ന് ലഭിച്ചതാണ് ഇവയെന്ന് പ്രതി സമ്മതിച്ചു. ഇവര്‍ക്ക് ഹാഷിഷ് എത്തിച്ചുനല്‍കിയയാളെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു.