അബുദാബിയിലെ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിൽ ഭാഗികമായ ഗതാഗത നിയന്ത്രണം. ഡിസംബർ 25, വ്യാഴാഴ്ച മുതൽ ഡിസംബർ 29, തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

അബുദാബി: അബുദാബിയിലെ പ്രധാന പാതകളിലൊന്നായ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിൽ ഭാഗികമായ ഗതാഗത നിയന്ത്രണം. കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിലെ ചില റോഡുകളിൽ ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. റോഡ് നവീകരണ ജോലികളുടെ ഭാഗമായാണ് ഈ നടപടി.

ഡിസംബർ 25, വ്യാഴാഴ്ച മുതൽ ഡിസംബർ 29, തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഗതാഗത തടസ്സം ഒഴിവാക്കാൻ യാത്രക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ സാധ്യമായ ഇടങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കുക. ട്രാഫിക് നിയമങ്ങൾ പാലിക്കുക, നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളിലെ ട്രാഫിക് ചിഹ്നങ്ങളും ട്രാഫിക് പൊലീസിന്റെ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങള്‍ക്ക് നിർദ്ദേശം നൽകി.

ഭാഗികമായ നിയന്ത്രണം

റോഡ് പൂർണ്ണമായും അടയ്ക്കില്ലെന്നും ചില ലെയിനുകളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവാദമുണ്ടാകുമെന്നും അബുദാബി മൊബിലിറ്റി വ്യക്തമാക്കി. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് അടച്ചിടലിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ഔദ്യോഗിക പ്ലാറ്റ്‍ഫോമുകള്‍ സന്ദര്‍ശിക്കണമെന്നും അധികൃതർ അറിയിച്ചു.