ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്പിലൂടെയാണ് കുട്ടി പരാതി നൽകിയത്
ദുബൈ: യുഎഇയിൽ പിതാവിന്റെ ക്രൂര മർദനത്തെ തുടർന്ന് പോലീസിനോട് സഹായമഭ്യർത്ഥിച്ച് പത്തുവയസ്സുകാരൻ. ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്പിലൂടെയാണ് കുട്ടി പരാതി നൽകിയത്. പിതാവ് തന്നെ തുടർച്ചയായി മർദിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. തനിക്ക് സഹോദരങ്ങളുണ്ടെന്നും അവരിൽ നിന്ന് വ്യത്യസ്തമായി തന്നെ മാത്രമാണ് പിതാവ് ഉപദ്രവിക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്.
ശരീരമാസകലം മർദനമേറ്റതിന്റെ മുറിവുകളാണ്. ഇത് ക്ലാസിൽ ഒപ്പം പഠിക്കുന്ന കുട്ടികളിൽ നിന്നും മറച്ചുപിടിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. ഇതോടെ സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥി പഠനത്തിലും മറ്റ് കാര്യങ്ങളിലും പിന്നോട്ടായി. ഇതിൽ സ്കൂൾ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടി തളർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരും സോഷ്യൽ വർക്കറും കുട്ടിയോട് സംസാരിക്കുകയും അവന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ മുറിവുകൾ കണ്ടെത്തുകയും ചെയ്തു. ഉടനെ ദുബൈ പോലീസുമായി സ്കൂൾ അധികൃതർ ബന്ധപ്പെടുകയായിരുന്നു.
ഇനിയും പിതാവ് മർദിക്കുമോ എന്ന പേടിയിൽ കുട്ടി പിതാവിന്റെ ചെയ്തികളെപ്പറ്റി പറയാൻ ആദ്യം തയാറായിരുന്നില്ലെന്നും പിന്നീടാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. അലി അൽ മത്രൂഷി പറഞ്ഞു. സ്കൂൾ അധികൃതർ പറഞ്ഞതനുസരിച്ചാണ് കുട്ടി സ്മാർട്ട് ആപ്പിലൂടെ ദുബൈ പോലീസിൽ പരാതിപ്പെട്ടത്.
പരാതി ലഭിച്ച ഉടൻതന്നെ സംഭവത്തിൽ ഇടപെട്ട് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. എന്നാൽ മകനെ വേദനിപ്പിക്കാൻ വേണ്ടിയല്ല മർദിച്ചതെന്നും കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കളിൽ നിന്നും അനുഭവിച്ചറിഞ്ഞ രക്ഷാകർതൃ ശൈലി മകനിലും തുടരുകയായിരുന്നെന്നാണ് പിതാവ് പറഞ്ഞതെന്നും അൽ മത്രൂഷി പറഞ്ഞു. മർദിക്കുന്നതിലൂടെ കുട്ടി കൂടുതൽ ശക്തനാകുമെന്നും അതിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നുമാണ് പിതാവ് അവകാശപ്പെടുന്നത്. ഇത് കുട്ടിയെ ബലവാനാക്കുന്നതിന് പകരം ട്രോമയിലെത്തിക്കുകയാണ് ചെയ്യുകയെന്ന് അൽ മത്രൂഷി പറഞ്ഞു.
കുട്ടിയോടുള്ള പെരുമാറ്റത്തിലും ശിക്ഷണ രീതിയിലും മാറ്റം വരുത്തുമെന്ന് പിതാവ് സമ്മതിച്ചതായും ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടിക്കുള്ള എല്ലാ മാനസിക പിന്തുണയും നൽകുമെന്നും കുട്ടികൾക്കെതിരെയുള്ള എല്ലാ അക്രമവും ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്പിലോ വെബ്സൈറ്റിലോ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.


