പുരസ്‌കാരം ഖത്തർ പ്രധാനമന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽഥാ​നി ഏറ്റുവാങ്ങി 

ദോഹ: സമാധാനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കുമായി ന​ൽ​കു​ന്ന അ​യ​ർ​ല​ൻ​ഡി​ലെ ടി​പ്പെ​റേ​രി അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം ഖ​ത്ത​റി​ന്. അന്താരാഷ്ട്ര തലത്തിലും മേഖലയിലും സമാധാനം ഉറപ്പാക്കാൻ ഖത്തർ നടത്തുന്ന നിർണായക ഇടപെടലുകൾക്കാണ് പുരസ്‌കാരം. അ​യ​ർ​ല​ൻ​ഡി​ലെ ടി​പ്പെ​റേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ്യ​ത്തി​നാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽഥാ​നി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പു​ര​സ്കാ​രം വ്യ​ക്തി​പ​ര​മാ​യ നേട്ടമല്ലെന്നും ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വ​ത്തി​നും വേ​ണ്ടി​യാ​ണ് ഏറ്റുവാങ്ങുന്നതെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി പറഞ്ഞു.

'സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ഉ​റ​ച്ച ശ​ബ്ദ​മാ​യി ഖ​ത്ത​ർ മാ​റി​ക്ക​ഴി​ഞ്ഞുവെ​ന്ന​തി​ന്റെ അം​ഗീ​കാ​രം​കൂ​ടി​യാ​ണ് ഈ ​അ​വാ​ർ​ഡ്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കീഴിൽ വെ​ല്ലു​വി​ളി​ക​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ത്ത ഒ​രു രാ​ഷ്ട്ര​മാ​യി ഖ​ത്ത​ർ മാ​റി​യി​രി​ക്കു​ന്നു. ഗസ്സ മുതൽ അഫ്ഗാനിസ്ഥാൻ വരെയും, ലെബനാൻ മുതൽ ഉക്രെയ്ൻ വരെയും ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ചോദിക്കുന്നു. ഖത്തർ ചെയ്യുന്നത് വെറും മധ്യസ്ഥതയല്ല, ലോകത്തിന്റെ പരിവർത്തനം കൂടിയാണ്. മിസൈൽ ആക്രമണത്തിന് വിധേയമായതിന് പിന്നാലെയാണ് ഖത്തർ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. ബലഹീനതകൊണ്ടല്ല മറിച്ച് ശക്തികൊണ്ടാണ് ഖത്തർ സംയമനം പാലിച്ചത്. ആ നിമിഷങ്ങൾ പ്രതികാരത്തിന്റെതായിരുന്നില്ല, മറിച്ച് വിവേകത്തിന്റെയും സംയമനത്തിന്റേതുമായിരുന്നു. മേഖലയുടെ സ്ഥിരതയും ജനങ്ങളുടെ ക്ഷേമത്തിനുമാണ് ഖത്തർ പ്രാധാന്യം നൽകുന്നത്'- അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. യുദ്ധത്തേക്കാൾ കരുത്തുണ്ട് സമാധാനത്തിനെന്നും, വിദ്വേഷത്തെക്കാളും അക്രമത്തേക്കാളും ശക്തവും ഉച്ചത്തിലുള്ളതുമാണ് സമാധാനമെന്നും ഖത്തർ പ്രധാനമന്ത്രി വരും തലമുറയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

സമാധാനവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 1984 മുതൽ നൽകി വരുന്നതാണ് ടി​പ്പെ​റേ​രി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. നെൽസൺ മണ്ടേലയും ബിൽ ക്ലിന്റനും ബേ​ന​സീ​ർ ഭു​ട്ടോയും അടക്കമുള്ളവർ നേരത്തെ ഈ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ ഖത്തർ പ്ര​ധാ​ന​മ​ന്ത്രിയെ അ​മീ​രി ദി​വാ​നി​ൽ നടന്ന പ്ര​തി​വാ​ര കാ​ബി​ന​റ്റ് യോ​ഗം അ​ഭി​ന​ന്ദി​ച്ചു.