മകനെ അല്‍ ഖാസിമി ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാത്രമാണ് സ്കൂള്‍ അധികൃതര്‍ തന്നെ വിളിച്ചറിയിച്ചതെന്ന് അച്ഛന്‍ പറഞ്ഞു. എന്താണ് മകന് സംഭവിച്ചതെന്ന് അറിയിച്ചില്ല. 

ഷാര്‍ജ: നാല് വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വകാര്യ സ്കൂളിനെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. സ്കൂളിലെ സ്വിമ്മിങ് പൂളില്‍ വെച്ചുണ്ടായ അപകടത്തിന് സ്കൂള്‍ അധികൃതര്‍ തന്നെയാണ് ഉത്തരവാദികളെന്നും കുട്ടിയുടെ സുരക്ഷ ഇവര്‍ ഉറപ്പാക്കിയില്ലെന്നും അച്ഛന്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് തിങ്കളാഴ്ച വരെ സ്കൂള്‍ അടച്ചിട്ടിരിക്കുകയാണ്.

മകനെ അല്‍ ഖാസിമി ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാത്രമാണ് സ്കൂള്‍ അധികൃതര്‍ തന്നെ വിളിച്ചറിയിച്ചതെന്ന് അച്ഛന്‍ പറഞ്ഞു. എന്താണ് മകന് സംഭവിച്ചതെന്ന് അറിയിച്ചില്ല. ആശുപത്രിയില്‍ വിളിച്ചപ്പോള്‍ മകന് പ്രശ്നമൊന്നുമില്ലെന്നും എന്നാല്‍ ആശുപത്രി വരെ ഒന്നുവരണമെന്നും മാത്രം പറഞ്ഞു. ഇതനുസരിച്ച് ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നായിരുന്നു മറുപടി.

സ്കൂളില്‍ സ്വിമ്മിങ് ക്ലാസിന് ശേഷം ആടുത്ത പീരിഡിയല്‍ കുട്ടിയെ കാണാതായപ്പോള്‍ മാത്രമാണ് അധികൃതര്‍ അന്വേഷിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ കാണുന്നില്ലെന്ന് ടീച്ചര്‍ സൂപ്പര്‍വൈസറെ അറിയിച്ചു. തുടര്‍ന്ന് സ്വിമ്മിങ് പൂളില്‍ പരിശോധിച്ചപ്പോള്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷം കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ പറഞ്ഞു.