റാസല്‍ഖൈമ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ഏഷ്യക്കാരന് റാസല്‍ഖൈമ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. മകളെ നിര്‍ബന്ധിച്ച് ദീര്‍ഘനാളായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച അച്ഛനില്‍ നിന്ന് രക്ഷപെട്ട് പെണ്‍കുട്ടി തന്റെ കൂട്ടുകാരിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. അച്ഛന്‍ പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി കൂട്ടുകാരിയോട് പറഞ്ഞു. കുട്ടിയുടെ അവസ്ഥ മനസിലാക്കിയ കൂട്ടുകാരിയുടെ അച്ഛനാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘം അച്ഛനെ അറസ്റ്റ് ചെയ്തു.  മകളെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് ചിത്രീകരിച്ച 665 വീഡിയോ ക്ലിപ്പുകളാണ് ഇയാളുടെ ഫോണില്‍ നിന്ന് പൊലീസ് സംഘം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. റാസല്‍ഖൈമ പൊലീസ് പിന്നീട് പ്രോസിക്യൂഷന് കേസ് കൈമാറി. തുടര്‍ന്നാണ് റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ചീഫ് ജഡ്ജി സമീഹ് ശാകിറിന്റെ അധ്യക്ഷതയിലുള്ള കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.