ദുബായ്: ഡ്രൈവിങ് ലൈസന്‍സിനുള്ള പരീക്ഷ പാസാകാന്‍ എക്സാമിനര്‍ക്ക് കൈക്കൂലി നല്‍കിയ പ്രവാസി വനിത പിടിയിലായി. 35കാരിയായ ഇവര്‍ക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ കഴിഞ്ഞദിവസം രാത്രി വിചാരണ തുടങ്ങി. താന്‍ പറയുന്ന ഏതാനും പേരെ ടെസ്റ്റ് പാസാക്കിയാല്‍ പണം നല്‍കാമെന്നായിരുന്നു ഇവര്‍ ഉദ്യോഗസ്ഥനോട് വാഗ്ദാനം ചെയ്തത്.

പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പ്രകാരം, പിടിയിലായ സ്ത്രീ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചവരില്‍ നിന്ന് പണം വാങ്ങി ഉദ്യോഗസ്ഥന് കൈമാറാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു. 2000 ദിര്‍ഹം ഇവര്‍ ഉദ്യോഗസ്ഥന് നേരിട്ട് കൈമാറുകയും ചെയ്തു. ടെസ്റ്റ് പാസ്സാക്കേണ്ട  അപേക്ഷകരുടെ പട്ടിക പിന്നീട് നല്‍കാമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. 500 ദിര്‍ഹം വീതമാണ് ഇതിനായി അപേക്ഷകരില്‍ നിന്ന് ഇവര്‍ കൈപ്പറ്റിയിരുന്നത്. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതി ആദ്യമായി ഡ്രൈവിങ് എക്സാമിനറുമായി ബന്ധപ്പെട്ടത്. വാട്സ്ആപ് വഴിയായിരുന്നു സംസാരം. ഉദ്യോഗസ്ഥന്‍ തന്നെയാണ് തനിക്ക് ഫോണ്‍ നമ്പര്‍ തന്നതെന്ന് യുവതി ആരോപിച്ചെങ്കിലും എക്സാമിനര്‍ അത് നിഷേധിച്ചു. ഒരു കഫേയില്‍ വെച്ച് നേരിട്ട് കാണണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. ഇതനുസരിച്ച് ഒരു മാളിലെ കഫേയില്‍ വെച്ച് ഇരുവരും സംസാരിച്ചു. 30,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ നല്‍കാമെന്നും പകരം താന്‍ പറയുന്നവരെ ഡ്രൈവിങ് പരീക്ഷ പാസാക്കണമെന്നുമായിരുന്നു ആവശ്യം. കാര്യങ്ങളൊക്കെ രഹസ്യമായി സൂക്ഷിക്കുമെന്നും വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥന്‍ ഇത് നിഷേധിച്ചെങ്കിലും യുവതി പിന്നെയും ബന്ധപ്പെട്ടു. മറ്റ് എക്സാമിനര്‍മാരും ഇതുപോലെ ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ എക്സാമിനര്‍ തന്റെ മേലുദ്യോഗസ്ഥനെ അറിയിച്ചു. യുവതിയുടെ വാഗ്ദാനം സ്വീകരിക്കുന്നതായി അറിയ്ക്കാനായിരുന്നു മേലുദ്യോഗസ്ഥന്‍ പറഞ്ഞത്. മറ്റ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഇങ്ങനെ പണം വാങ്ങുന്നുണ്ടെങ്കില്‍ അവരെക്കൂടി കണ്ടെത്താമെന്നായിരുന്നു പദ്ധതി. എന്നാല്‍ മറ്റ് ഉദ്യോഗസ്ഥരുടെ ഒരു വിവരവും ഇവര്‍ വെളിപ്പെടുത്തിയില്ല. പിന്നീട് ഫെബ്രുവരിയില്‍ ഇവര്‍ വീണ്ടും ബന്ധപ്പെടുകയും താന്‍ നേരത്തെ പറഞ്ഞ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് ആരായുകയും ചെയ്തു. എന്നാല്‍ അനധികൃതമായി തനിക്ക് പണം വേണ്ടെന്നും ശമ്പളം മാത്രം മതിയെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. 

സംഭാഷണങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം എക്സാമിനര്‍ മേലുദ്യോഗസ്ഥനെ വീണ്ടും സമീപിച്ചു. മുഴുവന്‍ വിശദാംശങ്ങളും റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയിലെ ബന്ധപ്പെട്ട വകുപ്പില്‍ അറിയിക്കാനായിരുന്നു നിര്‍ദേശം. പിന്നീട് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ശേഷം ഒരു മാളില്‍ വെച്ച് യുവതിയുമായി കൂടിക്കാഴ്ച നടത്തുകയും അവിടെവെച്ച് 2000 ദിര്‍ഹം നേരിട്ട് കൈമാറുകയും ചെയ്തു. സ്ഥലത്ത് രഹസ്യമായി നിലയുറപ്പിച്ചിരുന്ന സി.ഐ.ഡി ഓഫീസര്‍മാര്‍ യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു.