അതേ രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതിനാണ് പ്രവാസി സ്ത്രീയെ അറസ്റ്റ് ചെയ്തത്.
മസ്കറ്റ്: ഒമാനിൽ പ്രവാസി സ്ത്രീ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാർ വിലായത്തിലായിരുന്നു കൊലപാതകം നടന്നത്. സൊഹാർ വിലായത്തിലെ ഒരു ലേബർ റിക്രൂട്ട്‌മെന്‍റ് ഓഫീസുമായി ബന്ധപ്പെട്ട സ്ഥലത്ത് അതേ രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതിന് മ്യാൻമർ സ്വദേശിനിയായ ഒരു സ്ത്രീയാണ് അറസ്റ്റിലായത്. വടക്കൻ അൽ ബത്തിനയിലെ പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും പൊലീസ് വെളിപ്പെടുത്തി. തുടർന്ന് റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായ മ്യാൻമർ സ്വദേശിനിയായ സ്ത്രീക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും പൊലീസിന്‍റെ പ്രസ്താവനയിൽ പറയുന്നു.
