അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) ഫിലിപ്പൈന്‍ സ്വദേശിക്ക്. അബുദാബിയില്‍ നഴ്‍സായി ജോലി ചെയ്യുന്ന അനബെല്ല മനലസ്താസിനെയാണ് 283702 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. 

പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കിയെന്നായിരുന്നു അനബെല്ലയുടെ പ്രതികരണം. 2011ലാണ് താന്‍ യുഎഇയിലെത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇടയ്ക്കിടെ പങ്കെടുക്കാറുണ്ട്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പണം സമാഹരിച്ചാണ് പലപ്പോഴും ടിക്കറ്റെടുക്കാറുള്ളത്. സുഹൃത്തുക്കളിലൊരാള്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് പോയി. അതിനുമുന്‍പ് അവസാനമായി എല്ലാവരും കൂടി ചേര്‍ന്ന് എടുത്ത ടിക്കറ്റായിരുന്നു ഇത്. ഇപ്പോള്‍ എല്ലാവര്‍ക്കുമായി ഭാഗ്യമെത്തിയിരിക്കുന്നു - അനബെല്ല പറഞ്ഞു. നവംബര്‍ 29നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഇവര്‍ വാങ്ങിയത്.

രണ്ടാം സമ്മാനമായ ലാന്റ് റോവര്‍ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്കാണ് ലഭിച്ചത്. ഒരു ലക്ഷം മുതല്‍ 50,000 ദിര്‍ഹം വരെയുള്ള മറ്റ് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.