അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഫിലിപ്പൈന്‍ കുടുംബത്തിന്. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മെറിലി ഡേവിഡിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. തന്റെ കുടുംബത്തില്‍ തന്നെയുള്ള ഒന്‍പത് പേരുമായി ചേര്‍ന്നാണ് മെറിലി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള 172193-ാം നമ്പര്‍ ടിക്കറ്റെടുത്തത്. 

ചൊവ്വാഴ്ച വൈകുന്നേരം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തന്റെ സ്വപ്നം സഫലമായെന്നും മകനുള്ള പിറന്നാള്‍ സമ്മാനമാണ് ഈ വിജയമെന്നും മെറിലി പ്രതികരിച്ചു.  വിശ്വസിക്കാനാവുന്നില്ല! പ്രാര്‍ത്ഥനകള്‍ ഇപ്പോള്‍ സഫലമായി. സമ്മാനവിവരമറിയിച്ച് ആദ്യം ഫോണ്‍ സന്ദേശം ലഭിച്ചപ്പോള്‍ ആരോ കബളിപ്പിക്കുകയാണെന്നാണ് ധരിച്ചതെന്നും അവര്‍ പറഞ്ഞു.

കുടുംബാംഗങ്ങളുമായി ചേര്‍ന്ന് എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ടായിരുന്നു. 50 ദിര്‍ഹം വീതം എല്ലാവരില്‍ നിന്നും വാങ്ങി ഓഗസ്റ്റ് 26നാണ് ഏറ്റവുമൊടുവില്‍ ടിക്കറ്റെടുത്തത്. ഇതിലൂടെ ഭാഗ്യം ഈ കുടുംബത്തെ തേടിയെത്തി.  കിട്ടുന്ന പണം കൊണ്ട് സ്വന്തം നാട്ടില്‍ വീടുണ്ടാക്കണമെന്നതാണ് മെറിലിയുടെ സ്വപ്നം. കുറച്ച് പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അര്‍ഹനായ തെലങ്കാന സ്വദേശി വിലാസ് റിക്കാല നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനം ഏറ്റുവാങ്ങി. വിലാസ് തന്നെയാണ് ഈ മാസത്തെ വിജയിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുത്തതും.

"