Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിൽ ചലച്ചിത്രോത്സവത്തിന് തുടക്കമായി

ഈ മാസം അഞ്ച് മുതൽ 18 വരെ 12 ദിവസം നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും

film festival begins in indian embassy in saudi arabia
Author
Riyadh Saudi Arabia, First Published Dec 7, 2019, 10:16 AM IST

റിയാദ്: ഇന്ത്യൻ എംബസിയിൽ എട്ടാമത് ചലച്ചിത്രോത്സവത്തിന് തുടക്കമായി. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയും ജി-20 ഉച്ചകോടിയിലെ ഇന്ത്യൻ സന്ദേശവാഹകനുമായ സുരേഷ് പ്രഭു മുഖ്യാതിഥിയായി. അംബാസഡർ തെരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള എംബസിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. 

ഉദ്ഘാടന ചടങ്ങിൽ നിരവധി സൗദി പൗരന്മാരും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യാക്കാരും ഉൾപ്പെടെ വലിയൊരു സദസ് സന്നിഹിതമായി. സ്വാഗത പ്രസംഗത്തിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് ചലച്ചിത്ര മേളയെക്കുറിച്ച് വിശദീകരിച്ചു. അംബാഡർ ഡോ. ഔസാഫ് സഈദും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും ചേർന്ന് മേളയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ പോസ്റ്ററുകൾ പ്രകാശിപ്പിച്ച് ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. 

ഇന്ത്യൻ സിനിമയ്ക്ക് ലോകതലത്തിൽ നല്ല പ്രചാരമുണ്ടെന്നും അതിന്റെ തെളിവാണ് മേളയുടെ ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യക്കാരായ ആളുകളുടെ വർധിച്ച സാന്നിദ്ധ്യമെന്നും സുരേഷ് പ്രഭു എം.പി പ്രസംഗത്തിൽ പറഞ്ഞു. ‘ദ സ്വാൻ സോങ്’, ‘എ കളർഫുൾ ലൈഫ്’, ‘ജലീദ്’ എന്നീ മൂന്ന് അറബിക് ഹ്രസ്വചിത്രങ്ങൾ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. ‘ദങ്കൽ’ എന്ന പ്രശസ്ത ഇന്ത്യൻ സിനിമയും പ്രദർശിപ്പിച്ചു. 

12 ദിവസം നീളുന്ന മേള ഈ മാസം അഞ്ച് മുതൽ 18 വരെയാണ്. ഇന്ത്യൻ, സൗദി സിനിമകളും ബ്രസീൽ, ഉക്രെയിൻ, ബംഗ്ലാദേശ്, സ്പെയിൻ, ഖസാക്കിസ്ഥാൻ, മ്യാന്മർ, ശ്രീലങ്ക, വിയറ്റ്നാം, മെക്സികോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.

Follow Us:
Download App:
  • android
  • ios