അബുദാബി: യുഎഇയില്‍ തിരിച്ചെത്തുന്ന താമസവിസക്കാര്‍ നിര്‍ബന്ധമായും ക്വാറന്റീന്‍ നിയമം പാലിക്കണമെന്ന് യുഎഇ അധികൃതര്‍. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷത്തിലേറെ രൂപ(അര ലക്ഷം ദിര്‍ഹം) പിഴ നല്‍കേണ്ടി വരും. മന്ത്രിസഭാ തീരുമാനം നമ്പര്‍ 17/2020 പ്രകാരമാണ് തീരുമാനം.

മടങ്ങിയെത്തുന്നവര്‍ രാജ്യത്തിലെ ക്വാറന്റീന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ഇല്ലെങ്കില്‍ അര ലക്ഷം ദിര്‍ഹം പിഴ നല്‍കേണ്ടി വരുമെന്നും നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്ക് എത്തുന്നവര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തണം. 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലുള്ള ലബോറട്ടറികള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

തിരിച്ചെത്തിയാലുടന്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. അല്ലാത്തവര്‍ക്ക് സ്വന്തം ചെലവില്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന  ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍, മടങ്ങി വരുന്നവരുടെ ചെലവുകള്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ വഹിക്കണം. യുഎഇയിലേക്ക് എത്തുന്നവര്‍ മൊബൈല്‍ ഫോണില്‍ അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ദുബായിലേക്ക് മടങ്ങുന്നവര്‍ കൊവിഡ് 19- ഡിഎക്‌സ്ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഒക്ടോബര്‍ 10 വരെ പുതുക്കാന്‍ അവസരം