ബുധനാഴ്‍ച രാത്രി ദുബൈയിലെ ജബല്‍ അലി ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ ഇലക്ട്രിക് കേബിളുകളില്‍ നിന്നുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കായിതായി അധികൃതര്‍ അറിയിച്ചു.

ദുബൈ: ദുബൈയിലെ (Dubai) ജബല്‍ അലി ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലുണ്ടായ (Jebel Ali industrial area) തീപ്പിടുത്തം നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. ചെറിയ തീപ്പിടുത്തം മാത്രമാണുണ്ടായതെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.

ബുധനാഴ്‍ച രാത്രിയായിരുന്നു സംഭവം. ജബല്‍ അലി ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ ഇലക്ട്രിക് കേബിളുകളില്‍ നിന്നാണ് തീപിടിച്ചതെന്ന് ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. അതേസമയം പ്രദേശത്ത് നിന്ന് പൊട്ടിത്തെറിയുടെ ശബ്‍ദം കേട്ടതായി സമീപ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പറഞ്ഞു. രാത്രി 9.30ന് ശേഷമാണ് അപകടമുണ്ടായതെന്നും നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തു.

അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ടായ സ്‍ഫോടനത്തെ അപേക്ഷിച്ച് താരതമ്യേന ചെറിയ ശബ്‍ദമാണ് കേള്‍ക്കാനായതെന്നും പരിസരവാസികള്‍ പറഞ്ഞു. അന്ന് ജബല്‍ അലി പോര്‍ട്ടില്‍ ഒരു കപ്പലിനുള്ളിലെ കണ്ടെയ്‍നറിലാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കുകളോ ആളപായമോ ഉണ്ടാവാതെ അപകടം നിയന്ത്രണ വിധേയമാക്കാന്‍ അന്നും അധികൃതര്‍ക്ക് സാധിച്ചിരുന്നു.