ജിദ്ദ: ജിദ്ദ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സ്റ്റേഷനില്‍ തീപിടുത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12.35നുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അഞ്ച് മണിക്കൂറിന് ശേഷം സ്റ്റേഷന് മുകളില്‍ നിന്ന് കനത്ത പുക ഉയരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. വ്യോമ മാര്‍ഗവും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് മക്ക റീജ്യന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 16 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ഏതാനും പേര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. പുണ്യ നഗരങ്ങളായ മക്കയെയും മദീനയെയും ജിദ്ദയുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വെ കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. 450 കിലോമീറ്ററാണ് ഈ റെയില്‍ പാതയുടെ നീളം.