കപ്പലിനകത്ത് സൂക്ഷിച്ച വസ്തുക്കളില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

ദുബൈ: ഹംരിയ തുറമുഖത്ത് പായ്ക്കപ്പലിന് തീപിടിച്ചു. മരത്തില്‍ നിര്‍മ്മിച്ച കപ്പലിലാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരം ഹംരിയ ഫയര്‍ സ്റ്റേഷനില്‍ ലഭിച്ചത്. 

ഉടന്‍ തന്ന സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും മാരിടൈം റെസ്‌ക്യൂ ടീം അംഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. സംവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കപ്പലിനകത്ത് സൂക്ഷിച്ച വസ്തുക്കളില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം നീണ്ടു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസിയെ വാഹനമിടിച്ചു; ഡ്രൈവറെ 45 മിനിറ്റില്‍ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്

ഷാര്‍ജ: ഏഷ്യക്കാരനായ കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അറബ് ഡ്രൈവറെ 45 മിനിറ്റിനുള്ളില്‍ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. തിങ്കളാഴ്ച അല്‍ വഹ്ദ റോഡിലാണ് അപകടമുണ്ടായത്. രാവിലെ 10.44നാണ് സംഭവത്തെ കുറിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുന്നത്.

കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം ഡ്രൈവര്‍ സ്ഥലത്ത് നിന്നും വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു. അനുവദനീയമല്ലാത്ത സ്ഥലത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഏഷ്യക്കാരനെ വാഹനമിടിച്ചത്. സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് പ്രത്യേക പട്രോള്‍ സംഘം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് വാഹനമോടിച്ചയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ച ഷാര്‍ജ പൊലീസ്, 45 മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ബുഹൈറ പൊലീസ് ആരംഭിച്ചു.