ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഉമ്മുല്‍ തൗബിലെ ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉണ്ടായ തീപ്പിടുത്തം അഗ്നിശമനസേന അംഗങ്ങളെത്തി നിയന്ത്രണ വിധേയമാക്കി. 

തീ പടര്‍ന്നതോടെ ഫാക്ടറിയിലുണ്ടായിരുന്ന 40 തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ആക്ടിങ് ഡയറക്ടര്‍ ലെഫ്. കേണല്‍ അഹ്മദ് സാലെം ബിന്‍ ശഖ്വി പറഞ്ഞു. തീപ്പിടുത്തമുണ്ടായതായി വൈകിട്ട് 5.10 നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ലെഫ്. കേണല്‍ ശഖ്വി പറഞ്ഞു.

തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ കേസ് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. റാസല്‍ഖൈമ പൊലീസ്, ഉമ്മുല്‍ഖുവൈന്‍ നഗരസഭ, വൈദ്യുതി, ജന വിഭാഗം എന്നിവയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. തീപ്പിടുത്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് ലെഫ്. കേണല്‍ ശഖ്വി ഓര്‍മ്മപ്പെടുത്തി.