ഷാര്‍ജ: ഷാര്‍ജ തീരത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു. യുഎഇ തീരത്തുനിന്ന് 21 മൈല്‍ അകലെയാണ് തീ പടര്‍ന്നത്. പനാമ പതാക വഹിച്ച കപ്പലിലാണ് അഗ്നിബാധയുണ്ടായത്. സഹായം ആവശ്യപ്പെട്ടുകൊണ്ട് കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചയുടനെ രക്ഷാപ്രര്‍ത്തനം ആരംഭിച്ചു. എണ്ണ ടാങ്കറിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. കപ്പലില്‍ എണ്ണ ലോഡ് ഉണ്ടായിരുന്നില്ല. ഇത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി. കപ്പലിലെ തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. 

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കപ്പലില്‍ തീപടര്‍ന്നുപിടിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അഗ്നിബാധയുണ്ടായതെന്ന് ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി - ലാന്‍റ് ആന്‍റ് മാരിറ്റൈം പ്രസ്താവനയില്‍ വ്യക്തമാക്കി. തീപിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ അറിയിച്ചു.