അബുദാബി: അബുദാബിയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് തീപ്പിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മൂന്ന് ദിവസത്തിനിടെ അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ തീപ്പിടിത്തമാണിത്.

ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ യൂണിവേഴ്‍സല്‍ ഹോസ്‍പിറ്റലിന് സമീപത്തുള്ള ഒന്‍പത് നില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. അബുദാബി സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. പിന്നീട് വളരെ വേഗത്തില്‍ മുകളിലുള്ള നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും ഉടന്‍ തന്നെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അല്‍ മമൂറയിലെ ഒരു കെട്ടിടത്തിനും തീപ്പിടിച്ചിരുന്നു.