ദുബൈ: ദുബൈയിലെ റസ്റ്റോറന്റിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ ഏഷ്യക്കാരനാണ് മരിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. പാചക വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. 

ഇന്റര്‍നാഷണല്‍ സിറ്റിയിലെ നാല് നില കെട്ടിടത്തില്‍ പുലര്‍ച്ചെ 4.31നാണ് തീപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവ സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. നാദ് അല്‍ ഷെബ ഫയര്‍സ്റ്റേഷനില്‍ നിന്ന് അഗ്നിശമന സേന ഉടന്‍തന്നെ സ്ഥലത്തെത്തി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കി ശേഷം തുടര്‍ നടപടികള്‍ക്കായി കെട്ടിടം പൊലീസിന് കൈമാറി.