റിയാദ്: നീണ്ട എട്ടുമാസത്തെ ഇടവേളക്ക് ശേഷം വിദേശ ഉംറ തീർഥാടകരുടെ ആദ്യസംഘം മക്കയിലെത്തി. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര പുതിയ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ ഞായറാഴ്ച വൈകീട്ടാണ് തീർഥാടകരെയും വഹിച്ച ആദ്യ വിമാനമെത്തിയത്. പാകിസ്താനിൽ നിന്നുള്ള ആദ്യസംഘത്തിൽ 38 പേരാണുള്ളത്. 

ആദ്യസംഘത്തെ ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വലിഹ് ബിന്ദൻ, സഹമന്ത്രി ഡോ. അബ്ദുൽഫതാഹ് സുലൈമാൻ മുശാത്, ജിദ്ദ വിമാനത്താവള മേധാവി ഇസാം ഫുവാദ് നൂർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. രണ്ടാമത്തെ വിമാനമെത്തിയത് ഇന്തോനോഷ്യയിൽ നിന്നാണ്. 224 തീർഥാടകരാണ് ഇന്തോനോഷ്യയിൽ നിന്നുള്ള വിമാനത്തിലുള്ളത്. ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഇസാം സഖഫി ആദ്യസംഘത്തെ യാത്രയയക്കാൻ ജക്കാർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു. 

എട്ട് മാസത്തിന് ശേഷം ആദ്യമായാണ് വിദേശ ഉംറസംഘം പുണ്യനഗരിയിലെത്തുന്നത്. അനുമതി നൽകിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവ് ഇനിയുള്ള ദിവസങ്ങളിൽ തുടരും. സംഘങ്ങളായാണ് തീർഥാടകരുടെ വരവ്. പുണ്യഭൂമിയിൽ തീർഥാടകരുടെ താമസത്തിന് 10 ദിവസമാണ് ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. സൗദിയിലെത്തിയാൽ ഉടനെ മൂന്ന് ദിവസം ക്വാറൻറിനിൽ കഴിയണം.