മസ്കത്ത്: കശ്മീരില്‍ നിന്നുള്ള മൂന്ന് വ്യത്യസ്ഥയിനം ആപ്പിളുകള്‍ ലുലു ഗ്രൂപ്പ് ഒമാന്‍ വിപണിയിലെത്തിച്ചു. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ കശ്മീരി ആപ്പിളുകളുടെ വില്‍പന ഉദ്ഘാടനം ചെയ്തു. പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് വാണിജ്യ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ കശ്മീരിന്റെ വ്യാപാര വ്യവസായ മേഖലയിൽ വൻ വളർച്ചക്ക് സാധ്യത  തുറക്കുമെന്ന്  അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നാണ്യം എത്തിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വര്‍ഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ  എം.എ യൂസഫലി, കശ്മീരി കാർഷിക ഉൽ‌പന്നങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഒമാനിലേക്ക് ലുലു ഗ്രൂപ്പ്  ഇപ്പോൾ നേരിട്ട് ആപ്പിൾ ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമെ ജൈവ ഉൽ‌പ്പന്നങ്ങൾ, വിനോദ സഞ്ചാരം എന്നി മേഖലകളിൽ കാശ്മീരിൽ ധാരാളം അവസരങ്ങളുണ്ടെന്നും സ്ഥാനപതി മൂന്നു മഹാവീർ പറഞ്ഞു.

കൂടുതൽ അവസരങ്ങൾ ഉപയോഗപ്പെടുത്താന്‍ അതിനായി ഒമാനിലെ  വ്യാപാരി വ്യവസായി സമൂഹം നിർണായക പങ്ക്  വഹിക്കുമെന്നും  സ്ഥാനപതി പറഞ്ഞു. കാശ്മീരിൽ നിന്നുമുള്ള ആദ്യ ഇറക്കുമതിയെന്ന നിലയിൽ മൂന്നു തരത്തിലുള്ള 200 ടൺ കാശ്മീരി ആപ്പിളാണ് ലുലു  ഗ്രൂപ്പ്  ഒമാൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിലവില്‍ കശ്മീരിൽ  3.87 ലക്ഷം ഹെക്ടറിൽ ആപ്പിൾ കൃഷി ചെയ്യുന്നുണ്ട്. ഇത് പ്രതിവർഷം 8,000 കോടി രൂപയുടെ വരുമാനം നേടിത്തരുന്നതിനോടൊപ്പം ഏഴ് ലക്ഷം കുടുംബങ്ങൾക്ക് ജീവിത ഉപാധിയായി മാറുകയും ചെയ്യുന്നുണ്ട് ഇത്.