പ്രായമായവര്‍, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, കുടുംബം ഒപ്പമുള്ള ടീം അംഗങ്ങള്‍, ജോലി നഷ്ടപ്പെട്ടവര്‍, അല്ലെങ്കില്‍ ദീര്‍ഘനാളത്തേക്ക് അവധി തെരഞ്ഞെടുത്തവര്‍ എന്നിവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മുന്‍ഗണന നല്‍കുന്നതെന്ന് മലബാര്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ കെ പി അബ്ദുള്‍ സലാം പറഞ്ഞു.

കോഴിക്കോട്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേരളത്തിലേക്ക് അനുവദിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആദ്യ സര്‍വ്വീസ് കോഴിക്കോടേക്ക്. യുഎഇയില്‍ നിന്ന് ജീവനക്കാരെയും അവരുടെ കുടുംബാഗങ്ങളെയും വഹിച്ചു കൊണ്ടുള്ള എയര്‍ അറേബ്യയുടെ വിമാനം ജൂണ്‍ നാല് വ്യാഴാഴ്ച ഷാര്‍ജയില്‍ നിന്നാണ് പുറപ്പെട്ടത്. 25 കുട്ടികളടക്കം 171 അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

 യുഎഇയില്‍ നിന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 500 ഓളം വരുന്ന ടീം അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിനായി ആറോളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കുന്നതിനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പദ്ധതി തയ്യാറാക്കുന്നുണ്ട്.

പ്രായമായവര്‍, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, കുടുംബം ഒപ്പമുള്ള ടീം അംഗങ്ങള്‍, ജോലി നഷ്ടപ്പെട്ടവര്‍, അല്ലെങ്കില്‍ ദീര്‍ഘനാളത്തേക്ക് അവധി തെരഞ്ഞെടുത്തവര്‍ എന്നിവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മുന്‍ഗണന നല്‍കുന്നതെന്ന് മലബാര്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ കെ പി അബ്ദുള്‍ സലാം പറഞ്ഞു.

ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മുന്‍കൈ എടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പിന്തുടര്‍ന്ന് സൗകര്യം ഒരുക്കിയ ഷാര്‍ജ സര്‍ക്കാരിനെയും എയര്‍ അറേബ്യയെയും അഭിനന്ദിക്കുകയാണെന്നും ദുബായ് കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. 

നിലവിലെ പ്രയാസകരമായ സാഹചര്യത്തില്‍ തങ്ങളുടെ ടീം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്വദേശത്തേക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര ഒരുക്കാനാണ് ആഗ്രഹിച്ചത്. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും ഒപ്പം സംയുക്ത പരിശ്രമവും മൂലമാണ് ഇത് സാധ്യമായതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവരോടുള്ള നന്ദി അറിയിച്ചുകൊണ്ട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊവിഡ് 19 പരിശോധനകള്‍ ഉള്‍പ്പടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയതിനും യാത്ര സാധ്യമാക്കിയതിനും പിന്നില്‍ ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ അറേബ്യയുടെ ജീവനക്കാരും നല്‍കിയ പിന്തുണ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്‍റര്‍നാഷണല്‍ ഓപ്പറേഷനുകളുടെ നടത്തിപ്പിന്റെ ഭാഗമായും ബിസിനസ്സില്‍ നേരിടുന്ന തടസ്സങ്ങളുടെ ആഘാതം കുറയ്ക്കാനും അവ പങ്കാളികളെയും ജീവനക്കാരെയും ബാധിക്കാതിരിക്കാനുമായി 2020 മെയ് മാസത്തില്‍ ഒരു കോര്‍പ്പറേറ്റ് സസ്റ്റനന്‍സ് പ്ലാന്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പെര്‍ഫോമന്‍സ് കുറഞ്ഞ സ്റ്റോറുകള്‍ അടയ്ക്കാനും ഘട്ടം ഘട്ടമായി അവ പുനരാരംഭിക്കാനും സ്റ്റോറുകളിലെ കപ്പാസിറ്റി കുറയ്ക്കാനും ജീവനക്കാരുടെ എണ്ണം, ശമ്പളം എന്നിവ കുറയ്ക്കാനും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഓര്‍ഗനൈസേഷനിലെ എല്ലാ സ്റ്റേക്ക് ഹോള്‍ഡര്‍മാരേയും കൂടി കണക്കിലെടുത്താണ് ഈ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. കമ്പനിയുടെ ചെലവില്‍ ടീം അംഗങ്ങള്‍ക്ക് സുരക്ഷിതമായും വേഗത്തിലും സ്വദേശത്തേക്ക് പോകാനുള്ള സൗകര്യങ്ങള്‍ നല്‍കാനുള്ള തീരുമാനവും സസ്റ്റനന്‍സ് പ്ലാനിന്റെ ഭാഗമാണ്.

ഈ വര്‍ഷം ഇന്ത്യയിലുടനീളം 18 പുതിയ സ്റ്റോറുകളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ ഡയമണ്ട്സ് തുറക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഓപ്പറേഷനില്‍ നിന്ന് ജോലി നഷ്ടപ്പെട്ട ടീം അംഗങ്ങള്‍ക്ക് പുതിയ സ്റ്റോറുകളില്‍ ജോലിയ്ക്ക് മുന്‍ഗണനയുണ്ടായിരിക്കുമെന്നും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അറിയിച്ചു. 

(ചിത്രം- ദുബായിലെ കോണ്‍സുല്‍ ജനറല്‍ വിപുലും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദും ചേര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്യുന്ന ഒരു ടീം അഗംത്തിന് ബോര്‍ഡിങ് പാസ് നല്‍കുന്നു)

"