അബുദാബി: യുഎഇയിൽ ആദ്യ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത യുഎഇയില്‍ ഇതുവരെ 140 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മരണം. ഇതോടെ രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കുമെന്നുറപ്പായി. 

അതേസമയം ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. 11,378 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ഇന്നലെ മാത്രം 627 പേരാണ് ഇറ്റലിയിൽ മരിച്ചത്. ആറായിരത്തോളം പേർക്ക് ഇറ്റലിയില്‍ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മുപ്പതിനായിരത്തോളം പുതിയ കേസുകളാണ് ലോകത്താകമാനം ഇന്നലെ റിപ്പോർട്ട് ചെയ്തത്.