Asianet News MalayalamAsianet News Malayalam

ജന്മനാട്ടിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രവാസികളുമായുള്ള ആദ്യ വിമാനം നാളെ ഉച്ചയ്ക്ക് പുറപ്പെടും

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യ വിമാനം നാളെ ഉച്ചയ്ക്ക് പുറപ്പെടും.അറിയിപ്പ് ലഭിച്ച യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 

first flight for the repatriation of expatriates starts at tomorrow afternoon
Author
Abu Dhabi - United Arab Emirates, First Published May 6, 2020, 2:26 PM IST

അബുദാബി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യ വിമാനം നാളെ ഉച്ചയ്ക്ക് പുറപ്പെടും. വിമാനങ്ങള്‍ ഉച്ചക്ക് 12 .30 ന് കേരളത്തില്‍ നിന്നും തിരിക്കും. പ്രവാസികളെ കയറ്റി ഉടന്‍ തന്നെ മടങ്ങും. പ്രവാസികളുമായി ഉച്ചയ്ക്ക് 2.10ന് ദുബായില്‍ നിന്ന് കോഴിക്കോടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും രണ്ട് വിമാനങ്ങളാണ് എത്തുന്നത്. കൊച്ചിയിലും കോഴിക്കോടും വിമാനങ്ങള്‍ നാളെ രാത്രി 9.40 ന്എത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 

അറിയിപ്പ് ലഭിച്ച യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വിമാനത്തിലും 170 ല്‍ താഴെ യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടാകുക.രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക.

ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും. എയ‍ർ ഇന്ത്യ എക്‍സ്പ്രസിനാണ് കേരളത്തിലേക്കുള്ള സർവ്വീസിന്‍റെ ചുമതല. മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

അതേസമയം വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ കോഴിക്കോട് ജില്ലയില്‍ 567 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. മികച്ച ക്വാറന്‍റൈന്‍ സൗകര്യം വേണ്ടവര്‍ പണം നല്‍കണം. പണം നല്‍കിയാല്‍ ഹോട്ടല്‍ മുറിയില്‍ ക്വാറന്‍റൈന്‍ ചെയ്യും. അയ്യായിരം മുറികളും 35000 ഡോര്‍മെറ്ററികളുമാണ് പ്രവാസികള്‍ക്കായി  ക്രമീകരിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയായിരിക്കും. രോഗബാധയുള്ളവരുടെ ചികിത്സയ്ക്കായി രണ്ട് സ്വകാര്യ ആശുപത്രികളും കണ്ടെത്തിയിട്ടുണ്ട്. 

നെടുമ്പാശ്ശേരിയില്‍ ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ദിനം കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്. രണ്ടുവിമാനങ്ങളിലുമായി 400 പേരെത്തും. 

കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്‍ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും. നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക്. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിക്കും. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്.

പ്രവാസികള്‍ക്കായി കൊച്ചി സജ്ജം; 4000 വീടുകള്‍ ക്രമീകരിച്ചു

വരുമാനം നിലച്ചതിനിടെ വന്‍ തുക ടിക്കറ്റ് ചാര്‍ജും; പ്രവാസികളോട് കേന്ദ്രം ക്രൂരത കാട്ടുകയാണെന്ന് ഒഐസിസി

Follow Us:
Download App:
  • android
  • ios